തൃശൂര്‍: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമമില്ലെന്ന് മന്ത്രി കെ. മുരളീധരന്‍. 657 ഇനം ജീവന്‍രക്ഷാ മരുന്നുകള്‍ നിലവില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നും മരുന്ന് ക്ഷാമമുണ്ടെന്ന പ്രചാരണം ജനങ്ങളില്‍ ആശങ്ക സൃഷ്ടിക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു. തൃശൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ആരോഗ്യമേഖലയെ ലക്ഷ്യമിട്ട് ചിലര്‍ ബോധപൂര്‍വം കുപ്രചാരണം നടത്തുകയാണെന്നും മന്ത്രി ആരോപിച്ചു. 'ചിലരുടെ അസൂയക്കും കഷണ്ടിക്കും മാത്രമാണ് ഇപ്പോള്‍ മരുന്നില്ലാത്തത്' എന്ന പരിഹാസത്തോടെയായിരുന്നു മുരളീധരന്റെ പ്രതികരണം. 'ബ്ലാക്ക് സ്റ്റോണ്‍ ഏജന്റുമാരെപ്പോലെയാണ് ചിലര്‍ ആരോഗ്യ മേഖലയ്‌ക്കെതിരെ പ്രചാരണവുമായി ഇറങ്ങിയിരിക്കുന്നത്' എന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ വിമാനയാത്ര: 'കാലത്തിനനുസരിച്ച് യാത്രാരീതിയും മാറും'
മുഖ്യമന്ത്രിയുടെ സ്‌പോണ്‍സേര്‍ഡ് വിമാനയാത്രയെ ചൊല്ലിയുള്ള വിവാദത്തിലും മന്ത്രി പ്രതികരിച്ചു. കാലം മാറുന്നതിനനുസരിച്ച് മുഖ്യമന്ത്രിമാരുടെ ഔദ്യോഗിക യാത്രാരീതികളിലും മാറ്റം സ്വാഭാവികമാണെന്ന് മുരളീധരന്‍ പറഞ്ഞു. പഴയ കരിവണ്ടികള്‍ മാറി വന്ദേഭാരത് ട്രെയിനുകള്‍ എത്തിയതുപോലെയുള്ള മാറ്റമായാണ് ഇതിനെ കാണേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മുന്‍പ് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനും ഇതേ കമ്പനിയുടെ വിമാനം ഉപയോഗിച്ചിട്ടുണ്ടെന്നും മന്ത്രി അവകാശപ്പെട്ടു. യാത്ര സ്‌പോണ്‍സര്‍ ചെയ്തത് ആരാണെന്ന കാര്യം മാധ്യമങ്ങള്‍ക്ക് അറിയാമെന്നും മുഖ്യമന്ത്രി തന്നെ അനുയോജ്യമായ സമയത്ത് വിശദീകരിക്കുമെന്നും മുരളീധരന്‍ പറഞ്ഞു. തനിക്ക് നിലവില്‍ സ്വകാര്യ വിമാനയാത്ര നടത്തേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശബരിമല സ്വര്‍ണക്കിരീടം സന്നിധാനത്ത് തന്നെയെന്ന് ദേവസ്വം ബോര്‍ഡ്
ശബരിമലയിലെ തിരുവാഭരണത്തിന്റെ ഭാഗമായ സ്വര്‍ണക്കിരീടം കാണാനില്ലെന്ന പ്രചാരണത്തിലും മന്ത്രി പ്രതികരിച്ചു. സ്വര്‍ണക്കിരീടം സന്നിധാനത്ത് സുരക്ഷിതമായി തന്നെയുണ്ടെന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ശബരിമലയിലെ സ്ഥിതിഗതികള്‍ നേരിട്ട് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ എഡിഎമ്മിനെ പ്രത്യേകമായി ചുമതലപ്പെടുത്തിയിട്ടുണ്ട്. എഡിഎം സന്നിധാനത്തെത്തി പരിശോധന പൂര്‍ത്തിയാക്കി സമഗ്ര റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കും. റിപ്പോര്‍ട്ടില്‍ വീഴ്ചകള്‍ കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 'മുറുക്കിപ്പിടിക്കേണ്ട കാര്യങ്ങളെ മുറുക്കിപ്പിടിച്ചുതന്നെ മുന്നോട്ടുപോകും' എന്നും ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി തനിക്ക് പ്രത്യേക നിര്‍ദേശങ്ങളൊന്നും നല്‍കിയിട്ടില്ലെന്നും കെ. മുരളീധരന്‍ പറഞ്ഞു.