Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 25th Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
തിരുവനന്തപുരം മൃഗശാല മാറ്റും; നിലവിലെ സ്ഥലത്ത് മാഡിസണ്‍ സ്‌ക്വയര്‍ മാതൃകയില്‍ ചത്വരം: മുഖ്യമന്ത്രി
reporter

കൊച്ചി: തിരുവനന്തപുരം നഗരമധ്യത്തില്‍ പ്രവര്‍ത്തിക്കുന്ന മൃഗശാല മാറ്റി സ്ഥാപിക്കുമെന്ന നിലപാട് ആവര്‍ത്തിച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്‍. നിലവില്‍ മൃഗശാല സ്ഥിതി ചെയ്യുന്ന പ്രദേശം അമേരിക്കയിലെ മാഡിസണ്‍ സ്‌ക്വയര്‍ മാതൃകയില്‍ പൊതുചത്വരമായി വികസിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ കേരള ട്രാവല്‍ മാര്‍ട്ടിന്റെ 13-ാം പതിപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മൃഗശാല വനമേഖലയോട് ചേര്‍ന്ന പ്രദേശത്തേക്ക് മാറ്റണമെന്നാണ് സര്‍ക്കാരിന്റെ ആലോചനയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നഗരമധ്യത്തില്‍ മൃഗങ്ങളെ പാര്‍പ്പിക്കുന്നത് അവയുടെ സ്വാഭാവിക ജീവിതസാഹചര്യങ്ങള്‍ക്ക് അനുയോജ്യമല്ലെന്നും വനത്തോട് ചേര്‍ന്ന പരിസരത്തേക്ക് മാറ്റുന്നതിലൂടെ കൂടുതല്‍ സ്വാഭാവികമായ ആവാസവ്യവസ്ഥ ഒരുക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

''മൃഗശാല മാറ്റി സ്ഥാപിക്കണം. അത് വനത്തിനടുത്തേക്ക് മാറ്റണം. നിലവിലെ സ്ഥലത്തെ മാഡിസണ്‍ സ്‌ക്വയര്‍ പോലുള്ള പൊതുസ്ഥലമായി വികസിപ്പിക്കണം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കേരളത്തിലെത്തുന്ന സഞ്ചാരികള്‍ക്കായി പുതിയ ഡെസ്റ്റിനേഷന്‍ പോയിന്റുകള്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യം,'' എന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. കൊച്ചിയില്‍ ഓഷ്യനേറിയവും അന്താരാഷ്ട്ര മാരിടൈം മ്യൂസിയവും സ്ഥാപിക്കുമെന്നും കോഴിക്കോട് എം.ടി. വാസുദേവന്‍ നായരുടെ പേരില്‍ കള്‍ച്ചറല്‍ പാര്‍ക്ക് ഒരുക്കുമെന്നും മുഖ്യമന്ത്രി ചടങ്ങില്‍ പ്രഖ്യാപിച്ചു. വിനോദസഞ്ചാരികള്‍ക്ക് പുതിയ അനുഭവങ്ങള്‍ നല്‍കുന്ന പ്രധാന കേന്ദ്രങ്ങള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വികസിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരം മൃഗശാല മാറ്റണമെന്ന നിര്‍ദേശം മുഖ്യമന്ത്രി നേരത്തെയും മുന്നോട്ടുവച്ചിരുന്നു. നെയ്യാര്‍ പോലുള്ള വനമേഖലയോട് ചേര്‍ന്ന പ്രദേശത്തേക്ക് മൃഗശാല മാറ്റണമെന്നായിരുന്നു അദ്ദേഹത്തിന്റെ മുന്‍ നിര്‍ദേശം. നിലവിലെ സ്ഥലം മാഡിസണ്‍ സ്‌ക്വയര്‍ പോലുള്ള നഗര പൊതുസ്ഥലമായി വികസിപ്പിക്കുകയെന്നത് തന്റെ സ്വപ്നപദ്ധതിയാണെന്നും മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു.

അതേസമയം, മൃഗശാല മാറ്റാനുള്ള നിര്‍ദേശത്തിനെതിരെ പ്രതിപക്ഷമായ സിപിഎം രംഗത്തെത്തിയിട്ടുണ്ട്. പദ്ധതി വാണിജ്യ താല്‍പര്യങ്ങള്‍ ലക്ഷ്യമിട്ടുള്ളതാണെന്ന വിമര്‍ശനമാണ് സിപിഎം നേതാക്കള്‍ ഉയര്‍ത്തുന്നത്. തിരുവനന്തപുരം കോര്‍പറേഷന്‍ നേതൃത്വത്തില്‍ നിന്ന് പദ്ധതിക്ക് അനുകൂല പ്രതികരണവും പുറത്തുവന്നിട്ടുണ്ട്. മുഖ്യമന്ത്രി വീണ്ടും നിലപാട് ആവര്‍ത്തിച്ചതോടെ തിരുവനന്തപുരം മൃഗശാലയുടെ ഭാവിയും നിലവിലെ സ്ഥലത്തിന്റെ പുനര്‍വികസനവും സംബന്ധിച്ച ചര്‍ച്ചകള്‍ കൂടുതല്‍ സജീവമാകുകയാണ്.

 
Other News in this category

 
 




 
Close Window