കല്‍പ്പറ്റ: മുട്ടില്‍ മരംമുറിക്കേസില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കെതിരെ വനംവകുപ്പ് സമര്‍പ്പിച്ച കുറ്റപത്രം സുല്‍ത്താന്‍ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മടക്കി. ആവശ്യമായ രേഖകള്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും കേസുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങളില്‍ വ്യക്തതയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. അനധികൃതമായി മുറിച്ചെന്നാരോപിക്കുന്ന മരങ്ങള്‍ വനഭൂമിയില്‍ നിന്നാണോ മുറിച്ചതെന്ന കാര്യം കുറ്റപത്രത്തില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പിടിച്ചെടുത്ത ഈട്ടിത്തടികള്‍ ഏതൊക്കെയാണെന്നും അവ കടത്താന്‍ ഉപയോഗിച്ച വാഹനം ഏതാണെന്നും ഉള്‍പ്പെടെയുള്ള അടിസ്ഥാന വിവരങ്ങളും കുറ്റപത്രത്തില്‍ വ്യക്തമല്ലെന്നാണ് കോടതിയുടെ നിരീക്ഷണം. ഈ മാസം 17നാണ് അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കെതിരെ വനംവകുപ്പ് ബത്തേരി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. വയനാട്ടിലെ മുട്ടില്‍ പ്രദേശത്ത് നിന്ന് ഏകദേശം 47 ലക്ഷം രൂപ വിലമതിക്കുന്ന ഈട്ടിത്തടികള്‍ 2021 ഫെബ്രുവരിയിലാണ് വനംവകുപ്പ് പിടികൂടിയത്. സംഭവം നടന്ന് അഞ്ചു വര്‍ഷത്തിന് ശേഷമാണ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്.
കുറ്റപത്രം സമര്‍പ്പിക്കാന്‍ ഇത്രയും കാലതാമസം ഉണ്ടായതിന്റെ കാരണവും രേഖകളില്‍ വ്യക്തമാക്കിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. നിരവധി ക്ലറിക്കല്‍ പിശകുകളും ആവശ്യമായ അനുബന്ധ രേഖകളുടെ അഭാവവും കുറ്റപത്രത്തിലുണ്ടെന്നും കേസുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ മതിയായ രീതിയില്‍ അവതരിപ്പിച്ചിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. അനധികൃത മരംമുറിയുമായി ബന്ധപ്പെട്ട കേസില്‍ അഗസ്റ്റിന്‍ സഹോദരന്മാരായ റോജി, ആന്റോ, ജോസ്‌കുട്ടി എന്നിവര്‍ക്കു പുറമെ നാലുപേരെ കൂടി പ്രതികളാക്കിയിട്ടുണ്ട്. ഇതോടെ കേസില്‍ ആകെ ഏഴ് പ്രതികളാണുള്ളത്. കേരള ഫോറസ്റ്റ് ആക്ട്, ബയോഡൈവേഴ്‌സിറ്റി ആക്ട്, 1975ലെ ട്രാന്‍സിറ്റ് റൂള്‍സ് എന്നിവയിലെ വിവിധ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ വനംവകുപ്പ് ചുമത്തിയിരിക്കുന്നത്. ആവശ്യമായ തിരുത്തലുകളും രേഖകളും ഉള്‍പ്പെടുത്തി കുറ്റപത്രം വീണ്ടും സമര്‍പ്പിക്കേണ്ടിവരുമെന്നാണ് കോടതിയുടെ നടപടിയോടെ വ്യക്തമാകുന്നത്.