കൊച്ചി: ദേശീയ ചലച്ചിത്ര പുരസ്‌കാരം സ്വീകരിക്കാനായി ഗുജറാത്തിലെത്തിയ നടന്‍ മമ്മൂട്ടിക്കെതിരെ സമൂഹമാധ്യമത്തില്‍ പ്രത്യക്ഷപ്പെട്ട വിദ്വേഷ കമന്റിന് ശക്തമായ മറുപടിയുമായി നടന്‍ ഹരിശ്രീ യൂസഫ്. മതത്തിന്റെ പേരില്‍ മമ്മൂട്ടിയെ വിമര്‍ശിച്ചയാളുടെ നിലപാടിനെ ചോദ്യം ചെയ്യുന്ന യൂസഫിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്. ദേശീയ പുരസ്‌കാരം സ്വീകരിക്കുന്നതിനായി ഗുജറാത്തിലെത്തിയ മമ്മൂട്ടിയെ പരമ്പരാഗത രീതിയില്‍ നെറ്റിയില്‍ കുറി തൊട്ട് സ്വീകരിക്കുന്ന വിഡിയോയ്ക്കു കീഴിലായിരുന്നു വിവാദ കമന്റ് പ്രത്യക്ഷപ്പെട്ടത്. ഇതിനെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് ഹരിശ്രീ യൂസഫും പ്രതികരണവുമായി രംഗത്തെത്തിയത്. ഒരു കലാകാരനെ മതപരമായ ചട്ടക്കൂടില്‍ മാത്രം വിലയിരുത്തുന്നത് ശരിയല്ലെന്ന് യൂസഫ് വിഡിയോയില്‍ പറയുന്നു. വ്യത്യസ്ത മതാചാരങ്ങളെയും സംസ്‌കാരങ്ങളെയും ബഹുമാനിക്കുകയും സമൂഹത്തില്‍ സഹവര്‍ത്തിത്വത്തോടെ ജീവിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.
''കുറി വരച്ചാലും കുരിശ് വരച്ചാലും പ്രാര്‍ഥിച്ചാലും അത് മനുഷ്യന്റെ വിശ്വാസത്തിന്റെയും ദൈവത്തോടുള്ള സ്‌നേഹത്തിന്റെയും ഭാഗമാണ്. മറ്റൊരാളുടെ വിശ്വാസത്തിന്റെ മൂല്യം നിശ്ചയിക്കാന്‍ നമുക്കാവില്ല,'' എന്നായിരുന്നു യൂസഫിന്റെ പ്രതികരണത്തിന്റെ സാരം. അതിഥികളെ പൂച്ചെണ്ട് നല്‍കി സ്വീകരിക്കുകയും നെറ്റിയില്‍ കുറി തൊടുകയും ചെയ്യുന്നത് പല സ്ഥലങ്ങളിലും നിലനില്‍ക്കുന്ന പരമ്പരാഗത സ്വീകരണരീതിയാണെന്നും അതിനെ മതപരമായ കുറ്റമായി ചിത്രീകരിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. മമ്മൂട്ടി മലയാളികള്‍ ആദരിക്കുന്ന പ്രമുഖ കലാകാരനാണെന്നും നിരവധി ദേശീയ പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ വലിയ നേട്ടങ്ങള്‍ കേരളത്തിന് സമ്മാനിച്ച വ്യക്തിയാണെന്നും യൂസഫ് ചൂണ്ടിക്കാട്ടി. സിനിമാരംഗത്തിന് പുറത്തും വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി മമ്മൂട്ടി ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മതം മനുഷ്യരെ തമ്മില്‍ ഭിന്നിപ്പിക്കുന്നതിനല്ല, മറിച്ച് മനുഷ്യരെ കൂടുതല്‍ നല്ലവരാക്കുന്നതിനാണ് വേണ്ടതെന്നും വിദ്വേഷവും വര്‍ഗീയതയും പ്രചരിപ്പിക്കുന്ന സമീപനങ്ങള്‍ സമൂഹത്തിന് ദോഷകരമാണെന്നും യൂസഫ് അഭിപ്രായപ്പെട്ടു. മതത്തിന്റെയോ വിശ്വാസത്തിന്റെയോ പേരില്‍ മറ്റുള്ളവരെ അധിക്ഷേപിക്കുന്നത് ഒഴിവാക്കണമെന്നും ഇന്ത്യയുടെ ബഹുസ്വരതയും സഹിഷ്ണുതയും സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്നും പറഞ്ഞാണ് ഹരിശ്രീ യൂസഫ് തന്റെ പ്രതികരണം അവസാനിപ്പിച്ചത്. മമ്മൂട്ടിയെ വിമര്‍ശിച്ച കമന്റും അതിന് ഹരിശ്രീ യൂസഫ് നല്‍കിയ മറുപടിയും പിന്നാലെ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.