Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 27th Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
റേഞ്ച് റോവര്‍ സുഹൃത്തിന്റേത്; ചട്ടലംഘനമില്ലെന്ന് കെ എം ഷാജി, വിമര്‍ശനം ഉള്‍ക്കൊള്ളുമെന്നും മന്ത്രി
reporter

കോഴിക്കോട്: റേഞ്ച് റോവര്‍ വാഹനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിശദീകരണവുമായി തദ്ദേശ സ്വയംഭരണ മന്ത്രി കെ എം ഷാജി. സുഹൃത്തിന്റെ വാഹനം അനുമതിയോടെയാണ് ഉപയോഗിച്ചതെന്നും നിയമവിരുദ്ധമായോ അധാര്‍മികമായോ ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വിഷയത്തില്‍ മാനസിക ബുദ്ധിമുട്ടുണ്ടായിട്ടുണ്ടെങ്കില്‍ അവരുടെ വിമര്‍ശനം ഉള്‍ക്കൊള്ളുമെന്നും കൂടുതല്‍ ജാഗ്രത പുലര്‍ത്തുമെന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ കുറേ ദിവസങ്ങളായി തനിക്കെതിരെ ഏകപക്ഷീയമായ പ്രചാരണം നടക്കുകയാണെന്ന് ഷാജി ആരോപിച്ചു. സിപിഎം സൈബര്‍ വിഭാഗങ്ങള്‍ തുടങ്ങിയ പ്രചാരണം തന്റെ വിദേശയാത്രയ്ക്കിടെ മാധ്യമങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു. ആഡംബര വാഹനം സ്വന്തമായി വാങ്ങിയെന്നും തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തിയില്ലെന്നുമായിരുന്നു ആദ്യ ആരോപണങ്ങള്‍. വാഹനത്തിന്റെ വില സംബന്ധിച്ചും ഊഹാപോഹങ്ങള്‍ പ്രചരിപ്പിച്ചെന്ന് അദ്ദേഹം പറഞ്ഞു.

വാഹനം തന്റേതല്ലെന്ന് വ്യക്തമായതോടെ സുഹൃത്തിന് പ്രത്യുപകാരം ചെയ്തതിനാലാണ് ഉപയോഗിക്കാന്‍ നല്‍കിയതെന്ന തരത്തിലേക്ക് ആരോപണം മാറിയെന്നും ഷാജി കുറ്റപ്പെടുത്തി. അഴീക്കോട് എംഎല്‍എ ആയിരുന്ന കാലത്തും ഇതേ വാഹനം ഉപയോഗിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. കൂര്‍ഗിലേക്ക് പോകാന്‍ മാത്രമാണ് അനുമതിയുണ്ടായിരുന്നതെന്ന വിമര്‍ശനത്തെയും മന്ത്രി ചോദ്യം ചെയ്തു. കൂര്‍ഗില്‍ പോയശേഷം തിരികെ നടന്നുവരണമോയെന്നായിരുന്നു പ്രതികരണം. പിന്നീട് കാസര്‍കോട് മറ്റൊരു സ്വകാര്യ വാഹനം ഉപയോഗിച്ചതും വിദേശത്ത് ചിലരുമായി കൂടിക്കാഴ്ച നടത്തിയതും വിവാദമാക്കിയെന്നും അദ്ദേഹം ആരോപിച്ചു. മന്ത്രിമാര്‍ സ്വകാര്യ വാഹനം ഉപയോഗിക്കരുതെന്ന് നിയമമോ ചട്ടമോ ഇല്ലെന്നാണ് ഷാജിയുടെ വാദം. മുന്‍ സര്‍ക്കാരുകളിലെ മന്ത്രിമാരും സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. വാഹനത്തില്‍ പതാക ഉപയോഗിച്ചതുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ ലംഘിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ വാഹനങ്ങളും ഔദ്യോഗിക സൗകര്യങ്ങളും വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ദുരുപയോഗം ചെയ്യരുതെന്ന നിലപാടാണ് തനിക്കുള്ളത്. എന്നാല്‍ വ്യക്തിപരമായ സൗകര്യങ്ങള്‍ സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു. സര്‍ക്കാരിന് നഷ്ടമുണ്ടാക്കുന്നതോ സ്വജനപക്ഷപാതത്തിന് ഇടയാക്കുന്നതോ ആയ നടപടികള്‍ സ്വീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിവാദ വാഹനത്തിന് മുന്നില്‍ താന്‍ നില്‍ക്കുന്നതായി പ്രചരിക്കുന്ന ചിത്രം നിര്‍മിതബുദ്ധി ഉപയോഗിച്ച് തയ്യാറാക്കിയ വ്യാജചിത്രമാണെന്നും ഷാജി ആരോപിച്ചു. ചിത്രത്തിന്റെ ആധികാരികത പരിശോധിക്കാനുള്ള മര്യാദ മാധ്യമങ്ങള്‍ കാണിച്ചില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമയുടെ കുടുംബത്തെക്കുറിച്ചുള്ള പ്രതികരണത്തെ പരാമര്‍ശിച്ച മന്ത്രി, രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കും കുടുംബമുണ്ടെന്ന് ഓര്‍ക്കണമെന്നും പറഞ്ഞു.

മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്നും പദവിക്ക് ചില പരിമിതികളുണ്ടെന്നും ഷാജി കൂട്ടിച്ചേര്‍ത്തു. തെറ്റ് ചെയ്തിട്ടില്ലെന്ന ആത്മവിശ്വാസമുണ്ടെങ്കിലും ജാഗ്രതയും ധാര്‍മികതയും സംബന്ധിച്ച വിമര്‍ശനങ്ങള്‍ ശ്രദ്ധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, വിവാദമായ വാഹനം വീണ്ടും ഉപയോഗിക്കുമോയെന്ന ചോദ്യത്തിന് ഉറപ്പുപറയാനാകില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി. തദ്ദേശ വകുപ്പിലെ മുന്‍കാല അഴിമതി ആരോപണങ്ങള്‍ പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.

 
Other News in this category

 
 




 
Close Window