Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 28th Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
കണ്ണൂരില്‍ മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി; ബിജെപി-യുവമോര്‍ച്ച പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കി
reporter

കണ്ണൂര്‍: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കണ്ണൂര്‍ താണയിലും മട്ടന്നൂര്‍ എളമ്പാറയിലും ബിജെപി-യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് മുന്നിലേക്ക് കരിങ്കൊടിയുമായി എത്തിയ പ്രവര്‍ത്തകരെ ഇരുസ്ഥലങ്ങളിലും പൊലീസ് തടഞ്ഞ് അറസ്റ്റ് ചെയ്തു നീക്കി. താണയില്‍ യുവമോര്‍ച്ച കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് ഹേമന്ത് മാവിലക്കണ്ടിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സുരക്ഷാവലയം മറികടന്ന് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് എത്തിയതോടെ പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും ഇടപെട്ടു. പ്രതിഷേധക്കാരെ റോഡില്‍നിന്ന് ബലമായി നീക്കി പൊലീസ് വാഹനത്തിലേക്ക് മാറ്റി.

മട്ടന്നൂര്‍ എളമ്പാറയില്‍ ബിജെപി കണ്ണൂര്‍ സൗത്ത് ജില്ലാ പ്രസിഡന്റ് ബിജു ഏളക്കുഴിയുടെ നേതൃത്വത്തിലാണ് കരിങ്കൊടി കാട്ടിയത്. വാഹനവ്യൂഹത്തിന് സമീപത്തേക്ക് നീങ്ങിയ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയതോടെ മുഖ്യമന്ത്രിയുടെ യാത്ര തുടര്‍ന്നു. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ കനത്ത പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ബിജെപിയും യുവമോര്‍ച്ചയും പ്രതിഷേധം ശക്തമാക്കിയത്. നേരത്തെ വയനാട് എംപി പ്രിയങ്കാ ഗാന്ധി, മന്ത്രിമാരായ രമേശ് ചെന്നിത്തല, കെ. മുരളീധരന്‍ എന്നിവര്‍ക്കെതിരെയും യുവമോര്‍ച്ച കരിങ്കൊടി പ്രതിഷേധം നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കണ്ണൂരിലെത്തിയ മുഖ്യമന്ത്രിക്കെതിരെയും പ്രതിഷേധമുണ്ടായത്. വരുംദിവസങ്ങളിലും കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ പ്രതിഷേധം തുടരുമെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കി.

 
Other News in this category

 
 




 
Close Window