ചെന്നൈ: സ്ത്രീകള്‍ക്കുള്ള സൗജന്യ ബസ് യാത്രാ പദ്ധതി വിപുലീകരിക്കുന്നതില്‍ പ്രതിഷേധിച്ച് തമിഴ്നാട്ടില്‍ സ്വകാര്യ ബസുടമകള്‍ 24 മണിക്കൂര്‍ സൂചനാ പണിമുടക്കിന് ആഹ്വാനം ചെയ്തു. ഇന്ന് അര്‍ധരാത്രി ആരംഭിക്കുന്ന പണിമുടക്കില്‍നിന്ന് ചെന്നൈ, മധുര, നാഗര്‍കോവില്‍, ഊട്ടി എന്നിവിടങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. സ്വകാര്യ ബസുകള്‍ നിലവില്‍ ഏകദേശം 65 ശതമാനം നഷ്ടത്തിലാണ് സര്‍വീസ് നടത്തുന്നതെന്ന് ഫെഡറേഷന്‍ ഓഫ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് തങ്കരാജ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഡീസലിന്റെയും സ്പെയര്‍ പാര്‍ട്സുകളുടെയും വിലവര്‍ധന നടത്തിപ്പുചെലവ് കുത്തനെ ഉയര്‍ത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്രാ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനുകള്‍ക്ക് സബ്സിഡി നല്‍കുമ്പോള്‍ സ്വകാര്യ ബസുകളെ പരിഗണിക്കുന്നില്ലെന്നാണ് സംഘടനയുടെ പരാതി. ഈ സാഹചര്യത്തില്‍ യാത്രാനിരക്ക് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ഫെഡറേഷന്‍ ആവശ്യപ്പെട്ടു.
ഡീസലിന് ലിറ്ററിന് 64 രൂപയായിരുന്ന 2018ലാണ് അവസാനമായി ബസ് നിരക്ക് പരിഷ്‌കരിച്ചതെന്ന് തങ്കരാജ് ചൂണ്ടിക്കാട്ടി. ഇപ്പോള്‍ ഡീസല്‍ വില 100 രൂപ കടന്നിട്ടും പഴയ നിരക്കില്‍ സര്‍വീസ് തുടരേണ്ടിവരുന്നത് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നുവെന്നാണ് ബസുടമകളുടെ വാദം. തമിഴ്നാട്ടില്‍ ഏഴായിരത്തോളം സ്വകാര്യ ബസുകളാണ് സര്‍വീസ് നടത്തുന്നത്. പണിമുടക്ക് നടക്കുന്ന മേഖലകളില്‍ യാത്രക്കാരുടെ ദൈനംദിന യാത്രയെ നടപടി ബാധിച്ചേക്കും. സമാനമായ പരാതിയുമായി കേരളത്തിലെ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷനും നേരത്തേ കോടതിയെ സമീപിച്ചതായി റിപ്പോര്‍ട്ടുണ്ട്. സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്രയെ തുടര്‍ന്ന് വരുമാനം കുറഞ്ഞ് ഏകദേശം 750 സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിയെന്നാണ് സംഘടനയുടെ ആരോപണം.