തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ ചികിത്സാച്ചെലവ് നിയന്ത്രിക്കാന്‍ നിയമനിര്‍മാണത്തിനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. നിയമസഭയില്‍ ബില്‍ അവതരിപ്പിക്കുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കാന്‍ ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ച് റിപ്പോര്‍ട്ട് തേടിയതായാണ് വിവരം. സംസ്ഥാനത്ത് 70 ശതമാനത്തോളം ആളുകള്‍ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. ഈ സാഹചര്യത്തില്‍ ബഹുരാഷ്ട്ര കമ്പനികള്‍ സ്വകാര്യ ആശുപത്രികളെ ഏറ്റെടുക്കുന്നതും അതിനുപിന്നാലെ ചികിത്സാച്ചെലവ് കുത്തനെ ഉയരുന്നതും സംബന്ധിച്ച് ആരോഗ്യവകുപ്പിന് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്.
ഇത്തരം ഏറ്റെടുക്കലുകള്‍ ആരോഗ്യമേഖലയെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി ഡോക്ടര്‍മാരുടെ സംഘടനകളും സര്‍ക്കാരിന് നിവേദനം നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ചികിത്സാനിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ബില്‍ സര്‍ക്കാര്‍ പരിഗണിക്കുന്നത്. ഓരോ രോഗത്തിനുമുള്ള ചികിത്സാനിരക്ക്, ആശുപത്രി മുറികളുടെ വാടക തുടങ്ങിയവയില്‍ നിയന്ത്രണം കൊണ്ടുവരാനാണ് ആലോചന. സ്വകാര്യ ആശുപത്രികളിലെ ചികിത്സാച്ചെലവുമായി ബന്ധപ്പെട്ട സുപ്രീംകോടതി പരാമര്‍ശവും നിയമനിര്‍മാണം പരിഗണിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചതായാണ് സൂചന. ബില്ലുമായി മുന്നോട്ടുപോകുന്നതിനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുകയാണ് പ്രത്യേക കമ്മിറ്റിയുടെ ചുമതല. കമ്മിറ്റിയുടെ റിപ്പോര്‍ട്ട് നിയമനിര്‍മാണത്തിനുള്ള തുടര്‍നടപടികളില്‍ നിര്‍ണായകമാകും.