ന്യൂഡല്‍ഹി: ദുബൈയില്‍നിന്ന് ഇസ്രയേലിലെ ടെല്‍ അവീവിലേക്കു പുറപ്പെട്ട ഫ്ലൈ ദുബൈ വിമാനത്തില്‍ സഹപൈലറ്റ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ചതായും ഇന്ത്യന്‍ വംശജനായ ക്യാപ്റ്റന്റെ ഇടപെടല്‍ അപകടം ഒഴിവാക്കിയതായും റിപ്പോര്‍ട്ട്. ക്യാപ്റ്റന്‍ സ്മിത് മച്ചാറാണ് സഹപൈലറ്റിനെ തടഞ്ഞതെന്ന് ഇസ്രയേലിലെ ചാനല്‍ 12 റിപ്പോര്‍ട്ട് ചെയ്തു. ആരോപണങ്ങള്‍ സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല. ഫ്ലൈ ദുബൈയുടെ ബോയിങ് 737 വിമാനത്തിലാണ് സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ട്. ഒമാന്‍ സ്വദേശിയായ സഹപൈലറ്റ് ക്യാപ്റ്റനെ കുത്തിയതായും വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഘര്‍ഷത്തിലേക്കു നയിച്ച സാഹചര്യം വ്യക്തമല്ല.
വിമാനം സൗദി അറേബ്യയിലെ തബൂക്കില്‍ അടിയന്തരമായി ഇറക്കിയതായും വിമാനത്തിലുണ്ടായിരുന്ന ഏകദേശം 180 ഇസ്രയേല്‍ യാത്രക്കാര്‍ സുരക്ഷിതരാണെന്നും റിപ്പോര്‍ട്ടുണ്ട്. യാത്രക്കാര്‍ ഇസ്രയേലില്‍ തിരിച്ചെത്തിയശേഷം സുരക്ഷാ ഏജന്‍സികള്‍ വിവരങ്ങള്‍ ശേഖരിക്കുമെന്നാണ് വിവരം. സംഭവത്തിനുപിന്നാലെ സ്മിത് മച്ചാറിനെയും സഹപൈലറ്റിനെയും ആശുപത്രിയിലേക്ക് മാറ്റിയതായാണ് റിപ്പോര്‍ട്ട്. മച്ചാറിന്റെ ആരോഗ്യനില സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
ലിങ്ക്ഡ്ഇന്‍ പ്രൊഫൈല്‍ പ്രകാരം, 2022 ജൂണ്‍ മുതല്‍ ഫ്ലൈ ദുബൈയുടെ ബോയിങ് 737 വിഭാഗത്തില്‍ ക്യാപ്റ്റനായി പ്രവര്‍ത്തിക്കുകയാണ് സ്മിത് മച്ചാര്‍. ഇതിനുമുമ്പ് മുംബൈ ആസ്ഥാനമായ സ്പൈസ് ജെറ്റില്‍ 11 വര്‍ഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്. സീനിയര്‍ കമാന്‍ഡറായും 2020 നവംബര്‍ മുതല്‍ പൈലറ്റുമാരുടെ പരിശീലനച്ചുമതലയുള്ള ലൈന്‍ ട്രെയിനിങ് ക്യാപ്റ്റനായും പ്രവര്‍ത്തിച്ചു. ബോയിങ് 737-800, 737 മാക്സ് 8, 9 വിമാനങ്ങളിലായി 9,750 മണിക്കൂര്‍ പറക്കല്‍ പരിചയമുള്ളതായും പ്രൊഫൈലില്‍ വ്യക്തമാക്കുന്നു.