പത്തനംതിട്ട: മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനം സ്വന്തം അനുഭവത്തിന്റെ അടിസ്ഥാനത്തിലാണെന്നും ആരുടെയും പിന്തുണ തേടിയിട്ടില്ലെന്നും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായും രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ തന്റെ നിലപാട് എഐസിസിയെ അറിയിക്കുമെന്നും അദ്ദേഹം പത്തനംതിട്ടയില്‍ മാധ്യമങ്ങളോട് പറഞ്ഞു. മുസ്ലിം ലീഗിന് ഭരണപരിഷ്‌കാര കമ്മീഷന്‍ പദവി നല്‍കിയതിനെ എതിര്‍ക്കുന്നില്ല. ഇത്തരം തീരുമാനങ്ങള്‍ കൂട്ടായ ചര്‍ച്ചയിലൂടെ എടുക്കണമെന്നാണ് ആവശ്യപ്പെട്ടത്. എം.കെ. മുനീറിനോ ദേവരാജനോ പദവികള്‍ നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്നും യുഡിഎഫിനെ അധികാരത്തിലെത്തിക്കാന്‍ ആത്മാര്‍ഥമായി പ്രവര്‍ത്തിച്ച ഉന്നത നേതാക്കളാണ് ഇരുവരെന്നും അടൂര്‍ പ്രകാശ് വ്യക്തമാക്കി.
യുഡിഎഫും കോണ്‍ഗ്രസും തമ്മില്‍ സംഘര്‍ഷമില്ല. മുഖ്യമന്ത്രിക്കെതിരെ ചില കാര്യങ്ങള്‍ പറയേണ്ടിവന്നത് യാഥാര്‍ഥ്യമാണ്. പറയാനുള്ളതെല്ലാം കഴിഞ്ഞദിവസം പറഞ്ഞിട്ടുണ്ടെന്നും അതിനപ്പുറം ഒന്നും കൂട്ടിച്ചേര്‍ക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയില്‍ തിരുത്തല്‍ ചേരിയായി മാറുകയാണോ എന്ന ചോദ്യത്തിന് അതിനെ ഏതു തരത്തിലും വ്യാഖ്യാനിക്കാമെന്നായിരുന്നു മറുപടി. തന്നെ യുഡിഎഫ് കണ്‍വീനറായി നിയോഗിച്ചത് എഐസിസിയാണ്. അതിനാല്‍ കാര്യങ്ങള്‍ നേതൃത്വത്തെ അറിയിക്കേണ്ടത് കടമയും ഉത്തരവാദിത്വവുമാണെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു. വിമര്‍ശനം ഉന്നയിക്കുന്നതിനു മുമ്പ് കെ.സി. വേണുഗോപാലുമായി ബന്ധപ്പെട്ടിട്ടില്ലെന്നും ആരുടെയും പിന്തുണ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നാലുമാസത്തിനിടെ ഒരിക്കല്‍ മാത്രമാണ് യുഡിഎഫ് യോഗം ചേര്‍ന്നതെന്നും പിന്നീട് യോഗം നടന്നിട്ടില്ലെന്നും കണ്‍വീനര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ തിരക്കിട്ട പരിപാടികളോ മറ്റു കാരണങ്ങളോ അതിനു പിന്നിലുണ്ടാകാം. മുന്നണിയുമായി ബന്ധപ്പെട്ട പ്രധാന കാര്യങ്ങളില്‍ കൂട്ടായ ആലോചന വേണമെന്നതാണ് തന്റെ നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ. മുരളീധരന്റെ വിമര്‍ശനത്തെക്കുറിച്ചുള്ള ചോദ്യത്തിന് അതിന്റെ കാരണം അദ്ദേഹത്തോടുതന്നെ ചോദിക്കണമെന്നായിരുന്നു പ്രതികരണം. മുഖ്യമന്ത്രിയുമായി വ്യക്തിപരമായ തര്‍ക്കമില്ലെന്നും വിമര്‍ശനത്തില്‍ താന്‍ ഒറ്റയ്ക്കാണെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. ബിജെപിക്കെതിരെ മുഖ്യമന്ത്രി വിമര്‍ശനം ഉന്നയിക്കുന്നില്ലെന്ന ചോദ്യവും മുഖ്യമന്ത്രിയോടുതന്നെ ചോദിക്കണമെന്ന് അദ്ദേഹം മറുപടി നല്‍കി.