തിരുവനന്തപുരം: മുന്‍ ഡിജിപിയും ബിജെപി നേതാവുമായ ആര്‍. ശ്രീലേഖ തിരുവനന്തപുരം നഗരസഭ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു. രാജിക്കത്ത് മേയര്‍ വി.വി. രാജേഷിന് കൈമാറി. ബിജെപി സംസ്ഥാന, ജില്ലാ നേതൃത്വങ്ങളുമായുള്ള അഭിപ്രായവ്യത്യാസങ്ങളാണ് തീരുമാനത്തിന് പിന്നിലെന്നാണ് സൂചന. നഗരസഭയില്‍ ബിജെപിക്ക് ഭരണം ലഭിച്ചാല്‍ മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കാമെന്ന വാഗ്ദാനത്തോടെയാണ് ശ്രീലേഖയെ മത്സരിപ്പിച്ചതെന്ന തരത്തില്‍ നേരത്തേ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഭരണം ലഭിച്ചതോടെ നേതൃത്വം വി.വി. രാജേഷിനെ മേയറായി തിരഞ്ഞെടുക്കുകയായിരുന്നു. ഈ തീരുമാനത്തില്‍ ശ്രീലേഖ തുടക്കത്തില്‍തന്നെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
വി.വി. രാജേഷ് മേയറായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന ചടങ്ങ് പൂര്‍ത്തിയാകുന്നതിന് മുമ്പ് ശ്രീലേഖ കൗണ്‍സില്‍ ഹാളില്‍നിന്ന് മടങ്ങിയത് അന്ന് ചര്‍ച്ചയായിരുന്നു. തുടര്‍ന്ന് വിവിധ വിഷയങ്ങളിലും സംസ്ഥാന, ജില്ലാ നേതൃത്വങ്ങളുമായി അഭിപ്രായവ്യത്യാസങ്ങള്‍ നിലനിന്നിരുന്നു. ഭിന്നതകള്‍ക്കിടയിലും കൗണ്‍സില്‍ യോഗങ്ങളില്‍ ശ്രീലേഖ പങ്കെടുത്തിരുന്നു. ഇതിനിടെയാണ് കൗണ്‍സിലര്‍ സ്ഥാനം ഒഴിയാനുള്ള തീരുമാനം. മുന്‍ ഡിജിപിയെന്ന നിലയില്‍ ശ്രദ്ധേയയായ നേതാവിന്റെ രാജി ബിജെപി നേതൃത്വത്തിന് രാഷ്ട്രീയ തിരിച്ചടിയായിരിക്കുകയാണ്.