മക്ക: സൗദി അറേബ്യയിലെ തായിഫ്‌റാനിയ റോഡില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് മലയാളി നഴ്സുമാര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചു. കോട്ടയം അയര്‍ക്കുന്നം സ്വദേശിനി ജെയ്സി മോള്‍ മാത്യു (46), കുറുമല്ലൂര്‍ ആനച്ചേരി അഞ്ചക്കുന്നേല്‍ ജോബിന ജോണി (26) എന്നിവരാണ് മരിച്ച മലയാളികള്‍. തമിഴ്നാട് സ്വദേശികളായ നഴ്സുമാര്‍ വിജയലക്ഷ്മി ജഗദീഷ് (37), ഹെപ്സിബ ദേവമണി (33), കാര്‍ ഓടിച്ചിരുന്ന സൗദി പൗരന്‍ എന്നിവരാണ് മരിച്ച മറ്റുള്ളവര്‍.
വാരാന്ത്യ അവധിദിനമായ വെള്ളിയാഴ്ച സാധനങ്ങള്‍ വാങ്ങാന്‍ റാനിയ പട്ടണത്തിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. റാനിയയില്‍നിന്ന് ഏകദേശം 40 കിലോമീറ്റര്‍ അകലെവെച്ച് ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. മരിച്ച നാല് നഴ്സുമാരും സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ തായിഫ് ഗവര്‍ണറേറ്റിലെ അല്‍ ഗാഫ, അല്‍ അവെയ്ല ഗവണ്‍മെന്റ് ഡിസ്പെന്‍സറികളിലെ ജീവനക്കാരായിരുന്നു. മൃതശരീരങ്ങള്‍ റാനിയ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയാക്കി നഴ്സുമാരുടെ മൃതദേഹങ്ങള്‍ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു.