തിരുവനന്തപുരം: മാലിന്യസംസ്‌കരണത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാനും ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കുന്നത് അവസാനിപ്പിക്കാനും വന്‍കിട പദ്ധതിയുമായി തദ്ദേശ സ്വയംഭരണ വകുപ്പ്. പ്രതിദിനം 500 ടണ്‍ സംസ്‌കരണശേഷിയുള്ള കേന്ദ്രീകൃത 'വേസ്റ്റ് ടു എനര്‍ജി' പ്ലാന്റും 12 പ്രാദേശിക റിഫ്യൂസ് ഡിറൈവ്ഡ് ഫ്യുവല്‍ (ആര്‍ഡിഎഫ്) പ്ലാന്റുകളും സ്ഥാപിക്കാനാണ് നീക്കം. പുതുക്കിയ അഞ്ചുവര്‍ഷത്തെ മാലിന്യമുക്ത പ്രചാരണത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.
പുനരുപയോഗിക്കാനാകാത്ത മാലിന്യങ്ങളെ പ്രാദേശിക കേന്ദ്രങ്ങളില്‍ ആര്‍ഡിഎഫ് ആക്കി മാറ്റി, കേന്ദ്രീകൃത പ്ലാന്റില്‍ ഇന്ധനമായി ഉപയോഗിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കുകയാണ് ലക്ഷ്യം. നിലവില്‍ ക്ലീന്‍ കേരള കമ്പനി മുഖേന പ്രതിവര്‍ഷം അയ്യായിരത്തോളം ടണ്‍ അഴുകാത്ത മാലിന്യം അയല്‍ സംസ്ഥാനങ്ങളിലെ സിമന്റ് ഫാക്ടറികളിലേക്ക് കൊണ്ടുപോകുന്നുണ്ട്. ഇതിനുള്ള ചെലവ് കുറയ്ക്കാനും സംസ്ഥാനത്തിനുള്ളില്‍ത്തന്നെ സംസ്‌കരണ സൗകര്യം ഒരുക്കാനും പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.
ഊര്‍ജ പ്ലാന്റിനായി കൊച്ചിയില്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. പദ്ധതിയുടെ സാങ്കേതിക-സാമ്പത്തിക സാധ്യതകള്‍ പഠിക്കാനും ടെന്‍ഡര്‍ രേഖകള്‍ തയ്യാറാക്കാനും ശുചിത്വ മിഷന്‍ കണ്‍സള്‍ട്ടന്റിനെ ചുമതലപ്പെടുത്തി. വിപുലമായ സാങ്കേതിക സംവിധാനങ്ങള്‍ ആവശ്യമായതിനാല്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കാനാണ് സാധ്യത.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായാണ് 12 പ്രാദേശിക ആര്‍ഡിഎഫ് പ്ലാന്റുകള്‍ സ്ഥാപിക്കുക. നിലവില്‍ സ്വകാര്യ മേഖലയില്‍ അഞ്ച് ആര്‍ഡിഎഫ് പ്ലാന്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഒക്ടോബര്‍ ആദ്യവാരം ആരംഭിക്കുന്ന അഞ്ചുവര്‍ഷത്തെ ശുചിത്വ കാംപയിനിന്റെ ആദ്യവര്‍ഷംതന്നെ പദ്ധതിയുടെ നിര്‍മാണ നടപടികള്‍ തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്. 2031ഓടെ കേരളത്തെ പൂര്‍ണമായും മാലിന്യമുക്തമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. മാലിന്യസംസ്‌കരണ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ പുതിയ അതോറിറ്റി രൂപീകരിക്കുന്നതും സര്‍ക്കാരിന്റെ പരിഗണനയിലാണ്. ക്ലീന്‍ കേരള കമ്പനി, ശുചിത്വ മിഷന്‍, ഹരിതകേരളം മിഷന്‍, ഇംപാക്ട് കേരള എന്നീ ഏജന്‍സികളെ ഏകോപിപ്പിച്ചായിരിക്കും നിര്‍ദിഷ്ട അതോറിറ്റിയുടെ പ്രവര്‍ത്തനം.