തിരുവനന്തപുരം: പ്രധാന തീരുമാനങ്ങളില്‍ കൂടിയാലോചന നടക്കുന്നില്ലെന്ന പരാതി പരസ്യമാക്കിയതിന് പിന്നാലെ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ സമീപിക്കാനൊരുങ്ങി യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. തിങ്കളാഴ്ച ഡല്‍ഹിയിലെത്തുന്ന അദ്ദേഹം ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെയും എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും നേരില്‍ക്കണ്ട് പരാതി അറിയിക്കും. പ്രശ്‌നപരിഹാരത്തിന് ഹൈക്കമാന്‍ഡ് അടിയന്തരമായി ഇടപെടണമെന്നാണ് ആവശ്യം. സംസ്ഥാന കോണ്‍ഗ്രസിലെയും യുഡിഎഫിലെയും പ്രധാന തീരുമാനങ്ങളില്‍നിന്ന് തന്നെ ബോധപൂര്‍വം മാറ്റിനിര്‍ത്തുന്നുവെന്നാണ് അടൂര്‍ പ്രകാശിന്റെ ആരോപണം. തനിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന സൈബര്‍ ആക്രമണങ്ങളും ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തും.
സംസ്ഥാനത്തെ രാഷ്ട്രീയ സംഭവവികാസങ്ങളെക്കുറിച്ച് പറയാനുള്ളതെല്ലാം തിങ്കളാഴ്ച കേന്ദ്ര നേതൃത്വത്തെ അറിയിക്കുമെന്ന് അടൂര്‍ പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു. തുടര്‍നടപടി ഹൈക്കമാന്‍ഡ് തീരുമാനിക്കട്ടെയെന്നും കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറ്റാനാണ് തീരുമാനമെങ്കില്‍ അതും അംഗീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും മുഖ്യമന്ത്രി വി.ഡി. സതീശനും ഡല്‍ഹിയിലുണ്ടാകും. ഈ സാഹചര്യത്തില്‍ സംസ്ഥാന നേതാക്കളുമായി ദേശീയ നേതൃത്വത്തിന് നേരിട്ട് ചര്‍ച്ച നടത്താന്‍ അവസരമൊരുങ്ങും. അടൂര്‍ പ്രകാശിന്റെ വിമര്‍ശനത്തിനെതിരെ മുഖ്യമന്ത്രിയെ പിന്തുണയ്ക്കുന്ന വിഭാഗത്തില്‍നിന്ന് ശക്തമായ പ്രതികരണങ്ങളാണ് ഉയരുന്നത്. മുതിര്‍ന്ന ചില നേതാക്കളുടെ പിന്തുണയോടെ മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടുള്ള നീക്കമാണിതെന്നാണ് സതീശന്‍ അനുകൂലികളുടെ സംശയം. തര്‍ക്കം നീളാതെ ഹൈക്കമാന്‍ഡ് ഇടപെട്ട് പരിഹാരം കാണുമെന്നാണ് സൂചന.