മോസ്‌കോ: റഷ്യയിലെ ഇര്‍കുട്‌സ്‌കില്‍ ലബോറട്ടറി ജീവനക്കാരിയുടെ മരണത്തെ തുടര്‍ന്ന് പകര്‍ച്ചവ്യാധി പ്രതിരോധനടപടികള്‍ ശക്തമാക്കിയതായി റിപ്പോര്‍ട്ട്. പ്ലേഗ് ബാധ സംശയിക്കുന്നുവെന്ന വാര്‍ത്തകള്‍ക്കിടെ അഞ്ച് ആശുപത്രികള്‍ അടച്ചതായും ഇരുനൂറിലധികം പേരെ ക്വാറന്റീനിലാക്കിയതായും റിപ്പോര്‍ട്ട്. എന്നാല്‍ പ്ലേഗ് ബാധ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഷെലെഖോവിലെ ആന്റി പ്ലേഗ് ഗവേഷണ സ്ഥാപനത്തിലെ ജീവനക്കാരിയായ ദര്യ ഷിപിലോവയാണ് (28) മരിച്ചത്. സെപ്റ്റംബര്‍ 29ന് ഗുരുതര ന്യുമോണിയ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. ഒക്ടോബര്‍ ഒന്നിനായിരുന്നു മരണം.
ലബോറട്ടറിയില്‍ ടെസ്റ്റ് ട്യൂബ് പൊട്ടിയതിനെ തുടര്‍ന്ന് അണുബാധയുണ്ടായിരിക്കാമെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഈ വിവരത്തിന് ഔദ്യോഗിക സ്ഥിരീകരണമില്ല. യുവതിയുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന കുടുംബാംഗങ്ങളെയും ആരോഗ്യപ്രവര്‍ത്തകരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. അതേസമയം, പരിശോധനയില്‍ ലബോറട്ടറിയുമായി ബന്ധപ്പെട്ട രോഗാണുക്കളെ കണ്ടെത്തിയിട്ടില്ലെന്ന് ഇര്‍കുട്‌സ്‌ക് ഗവര്‍ണര്‍ ഇഗോര്‍ കോബ്‌സെവ് അറിയിച്ചു. കാരണം വ്യക്തമാകാത്ത ഗുരുതര ന്യുമോണിയയാണ് മരണകാരണമെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. ഗവേഷണ സ്ഥാപനത്തിലെ മറ്റ് ജീവനക്കാര്‍ക്ക് രോഗലക്ഷണങ്ങളില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. മുന്‍കരുതലിന്റെ ഭാഗമായി മേഖലയില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.