ചണ്ഡിഗഡ്: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ ഓഫീസുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളില്‍ സിബിഐ അന്വേഷണത്തിന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി ഉത്തരവിട്ടു. ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം, സര്‍ക്കാര്‍ നയങ്ങളില്‍ സ്വാധീനം ചെലുത്തല്‍, ടെന്‍ഡറുകള്‍, ആയുധ ലൈസന്‍സ് എന്നിവയുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉന്നയിച്ച ആരോപണങ്ങളിലാണ് നടപടി.
എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കാനും രണ്ടുമാസത്തിനകം അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു. ചീഫ് ജസ്റ്റിസ് അശ്വനി കുമാര്‍ മിശ്ര, ജസ്റ്റിസ് രോഹിത് കപൂര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. അന്വേഷണത്തിന് പഞ്ചാബ് സര്‍ക്കാരും പൊലീസും സിബിഐക്ക് പൂര്‍ണ സഹകരണം നല്‍കണമെന്നും കോടതി വ്യക്തമാക്കി.
വിഷയത്തില്‍ പഞ്ചാബ് പൊലീസ് ഇതുവരെ സ്വീകരിച്ച നടപടികളില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി. നിഷ്പക്ഷവും സുതാര്യവുമായ അന്വേഷണം ഉറപ്പാക്കാന്‍ കേസ് സിബിഐക്ക് കൈമാറുന്നതാണ് ഉചിതമെന്ന് ബെഞ്ച് വിലയിരുത്തി.
അഭിഭാഷകനായ നിഖില്‍ സറഫ് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ഉത്തരവ്. മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി രാജ്ബീര്‍ സിങ് ഗുമാന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ ആരോപണങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ട് ഇഡി പഞ്ചാബ് ഡിജിപിക്ക് മൂന്ന് കത്തുകള്‍ നല്‍കിയിരുന്നു. ഇവയില്‍ പൊലീസ് ഉചിതമായ നടപടി സ്വീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജിക്കാരന്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടത്.
അതേസമയം, ഹര്‍ജിയെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തു. ആരോപണങ്ങള്‍ പൊലീസ് ഗൗരവമായി പരിശോധിച്ചുവരികയാണെന്നും പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കാതെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനാകില്ലെന്നുമായിരുന്നു സര്‍ക്കാരിനുവേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറലിന്റെ വാദം.