തൃശൂര്‍: ദേശീയപാത 66ലെ നാട്ടിക ടോള്‍ പ്ലാസയില്‍ ഒക്ടോബര്‍ എട്ട് വ്യാഴാഴ്ച മുതല്‍ ടോള്‍ പിരിവ് ആരംഭിക്കാന്‍ നീക്കം. പാലങ്ങളുടെയും അപ്രോച്ച് റോഡുകളുടെയും നിര്‍മാണം പൂര്‍ത്തിയാകുന്നതിനു മുമ്പ് പിരിവ് തുടങ്ങുന്നതിനെതിരെ സിപിഎം പ്രതിഷേധവുമായി രംഗത്തെത്തി. തീരുമാനം പിന്‍വലിക്കാന്‍ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്നാണ് പാര്‍ട്ടിയുടെ ആവശ്യം.
പ്രഖ്യാപിച്ച നിരക്കുപ്രകാരം കാര്‍, ജീപ്പ്, വാന്‍ തുടങ്ങിയ ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് ഒരുവശത്തേക്കുള്ള യാത്രയ്ക്ക് 120 രൂപയാണ് ടോള്‍. അതേ ദിവസം മടങ്ങുകയാണെങ്കില്‍ ഇരുയാത്രകള്‍ക്കുമായി ആകെ 180 രൂപ നല്‍കണം. മിനിബസ് ഉള്‍പ്പെടെയുള്ള ലൈറ്റ് കൊമേഴ്സ്യല്‍ വാഹനങ്ങള്‍ക്ക് ഒരുവശത്തേക്ക് 195 രൂപയും മടക്കയാത്ര ഉള്‍പ്പെടെ 290 രൂപയുമാണ് നിരക്ക്.
ടോള്‍ പ്ലാസയുടെ 20 കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്ന വാണിജ്യേതര വാഹന ഉടമകള്‍ക്ക് പ്രതിമാസ പാസിന് 360 രൂപ നല്‍കണം. പ്രദേശവാസികളുടെ പതിവുയാത്രകള്‍ക്കാണ് ഈ ഇളവ് പ്രയോജനപ്പെടുക.
ചാവക്കാട് ഒരുമനയൂര്‍, ചേറ്റുവ, കണ്ടശ്ശാംകടവ് എന്നിവിടങ്ങളിലെ പാലങ്ങളുടെയും എടമുട്ടം, മൂന്നുപീടിക ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ അപ്രോച്ച് റോഡുകളുടെയും പ്രവൃത്തികള്‍ പൂര്‍ത്തിയായിട്ടില്ലെന്ന് സിപിഎം ചൂണ്ടിക്കാട്ടി. യാത്രാസൗകര്യങ്ങള്‍ പൂര്‍ണമായി ഒരുക്കാതെ ടോള്‍ ഈടാക്കാനുള്ള തീരുമാനം അംഗീകരിക്കാനാകില്ലെന്നാണ് പാര്‍ട്ടിയുടെ നിലപാട്.
കഴിഞ്ഞ നാലുമാസമായി ദേശീയപാത നിര്‍മാണത്തിന്റെ വേഗം കുറഞ്ഞതായും നിര്‍മാണപുരോഗതി വിലയിരുത്തുന്നതിനുള്ള അവലോകനം മുടങ്ങിയതായും സിപിഎം ആരോപിച്ചു. കൊടുങ്ങല്ലൂരിന് തെക്കോട്ട് എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകളിലും മതിയായ ആസൂത്രണമില്ലാത്തതിനാല്‍ പ്രവൃത്തികള്‍ മന്ദഗതിയിലാണെന്നാണ് വിമര്‍ശനം.
ഈ സാഹചര്യത്തില്‍ നാട്ടികയില്‍ ടോള്‍ പിരിവ് തുടങ്ങുന്നത് ദേശീയപാത അതോറിറ്റിയുടെ മുന്‍പ്രഖ്യാപനത്തിന് വിരുദ്ധമാണെന്നും പാര്‍ട്ടി വ്യക്തമാക്കി. പ്രതിഷേധത്തിന്റെ ഭാഗമായി ഒക്ടോബര്‍ ഏഴിന് ടോള്‍ പ്ലാസയിലേക്ക് മാര്‍ച്ച് നടത്തുമെന്ന് സിപിഎം പ്രഖ്യാപിച്ചിരുന്നു.