Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 07th Oct 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
കേരളത്തിന് മഹാരാഷ്ട്രയില്‍നിന്ന് 300 മെഗാവാട്ട് വൈദ്യുതി; യൂണിറ്റിന് 5.18 രൂപ, കായംകുളത്ത് വന്‍ ബാറ്ററി സംഭരണപദ്ധതി
reporter

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വര്‍ധിച്ചുവരുന്ന വൈദ്യുതി ആവശ്യം നേരിടാന്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എന്‍ടിപിസിയുമായി വിവിധ പദ്ധതികളില്‍ തത്ത്വത്തില്‍ ധാരണയായി. മഹാരാഷ്ട്രയിലെ സിന്നാര്‍ പദ്ധതിയില്‍നിന്ന് യൂണിറ്റിന് 5.18 രൂപ നിരക്കില്‍ 300 മെഗാവാട്ട് വരെ വൈദ്യുതി ലഭ്യമാക്കുന്നതും കായംകുളത്ത് ബാറ്ററി സംഭരണസംവിധാനം സ്ഥാപിക്കുന്നതുമാണ് പ്രധാന തീരുമാനങ്ങള്‍. ന്യൂഡല്‍ഹിയില്‍ എന്‍ടിപിസിയുമായി നടത്തിയ ചര്‍ച്ചകളിലാണ് ധാരണയായതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ അറിയിച്ചു. അധിക വൈദ്യുതി ലഭ്യത ഉറപ്പാക്കുന്നതിനൊപ്പം സംസ്ഥാനത്തിന്റെ ദീര്‍ഘകാല ഊര്‍ജസുരക്ഷ ശക്തിപ്പെടുത്തുന്നതിനുള്ള നിര്‍ദേശങ്ങളും ചര്‍ച്ചയായി.

കായംകുളത്ത് 2,000 മെഗാവാട്ട് മണിക്കൂര്‍ ശേഷിയുള്ള ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റം സ്ഥാപിക്കാനാണ് പദ്ധതി. ഇതിനായി കെഎസ്ഇബി, എന്‍ടിപിസി, എന്‍ടിപിസി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ് എന്നിവ ധാരണാപത്രത്തില്‍ ഒപ്പുവയ്ക്കും. പോത്തന്‍കോടും ശ്രീകണ്ഠപുരത്തുമായി ആകെ 160 മെഗാവാട്ട് മണിക്കൂര്‍ ശേഷിയുള്ള രണ്ടു ബാറ്ററി സംഭരണപദ്ധതികള്‍ 2027 മാര്‍ച്ചോടെ പ്രവര്‍ത്തനസജ്ജമാക്കാനും ലക്ഷ്യമിടുന്നു. കായംകുളത്ത് എന്‍ടിപിസി നിര്‍ദേശിച്ചിട്ടുള്ള 27 മെഗാവാട്ട് സൗരോര്‍ജപദ്ധതിയുടെ നടപടികളും വേഗത്തിലാക്കും. പദ്ധതി നടപ്പാക്കാന്‍ ആവശ്യമായ പിന്തുണ സംസ്ഥാന സര്‍ക്കാര്‍ നല്‍കും.

കെഎസ്ഇബിയുടെ മാനേജ്മെന്റ്, സാങ്കേതിക പ്രവര്‍ത്തനങ്ങള്‍, ആധുനിക വൈദ്യുതി പരിപാലന സംവിധാനങ്ങള്‍ എന്നിവ മെച്ചപ്പെടുത്തുന്നതിന് എന്‍ടിപിസി വിദഗ്ധസഹായവും നല്‍കും. വൈദ്യുതി ലഭ്യത വര്‍ധിപ്പിക്കുന്നതിനൊപ്പം പ്രവര്‍ത്തനക്ഷമത ഉയര്‍ത്താനും ഈ സഹകരണം ലക്ഷ്യമിടുന്നു. കേരളത്തിന്റെ ദീര്‍ഘകാല ആവശ്യങ്ങള്‍ പരിഗണിച്ച് സംസ്ഥാനത്തിനായി പ്രത്യേക വൈദ്യുതിനിലയം സ്ഥാപിക്കണമെന്ന ആവശ്യവും ചര്‍ച്ചയില്‍ ഉന്നയിച്ചു. രാമഗുണ്ടം നിലയത്തില്‍നിന്ന് ആവശ്യമായ വൈദ്യുതി നല്‍കുന്നതിനുള്ള വൈദ്യുതി വാങ്ങല്‍ കരാറില്‍ ഏര്‍പ്പെടാന്‍ എന്‍ടിപിസി സന്നദ്ധത അറിയിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.

 
Other News in this category

 
 




 
Close Window