തിരുവനന്തപുരം: വി ഡി സതീശന്‍ സര്‍ക്കാര്‍ അധികാരത്തിലെത്തി അഞ്ചുമാസം പിന്നിട്ടിട്ടും കായിക, യുവജനക്ഷേമ മന്ത്രി ഒ ജെ ജനീഷിന് ഔദ്യോഗിക വസതി ലഭിച്ചില്ല. തൈക്കാട് ഗസ്റ്റ്ഹൗസില്‍ താമസിക്കുന്ന മന്ത്രി, ഓഫീസ് സമയത്തിനുശേഷം സന്ദര്‍ശകരെ കാണുന്നതും നിവേദനങ്ങള്‍ സ്വീകരിക്കുന്നതും ഇവിടെയാണ്.
മറ്റ് 19 മന്ത്രിമാരും ഔദ്യോഗിക വസതികളില്‍ താമസിക്കുമ്പോഴാണ് ജനീഷിന്റെ ഗസ്റ്റ്ഹൗസ് വാസം തുടരുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ വസതി ഒരുക്കുമെന്ന് നേരത്തേ അറിയിച്ചിരുന്നെങ്കിലും നടപടികള്‍ പൂര്‍ത്തിയായിട്ടില്ല. ജനീഷിന് മന്‍മോഹന്‍ ബംഗ്ലാവും അനൂപ് ജേക്കബിന് സര്‍ക്കാര്‍ ചെലവില്‍ വാടകവീടും അനുവദിക്കാനായിരുന്നു ആദ്യ തീരുമാനം. പിന്നീട് ഇത് മാറ്റി അനൂപ് ജേക്കബിന് മന്‍മോഹന്‍ ബംഗ്ലാവും ജനീഷിന് വാടകവീടും നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.
എന്നാല്‍ സ്വകാര്യവ്യക്തികളുടെ വീട് വാടകയ്ക്ക് എടുക്കുന്നതിനു പകരം പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ക്വാര്‍ട്ടേഴ്സില്‍ താമസസൗകര്യം ഒരുക്കിയാല്‍ മതിയെന്ന് ജനീഷ് സര്‍ക്കാരിനെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ വൈകിയതോടെ ഗസ്റ്റ്ഹൗസിലെ താമസം നീളുകയായിരുന്നു. ജവഹര്‍ നഗറിലെ പൊതുമരാമത്ത് വകുപ്പ് ക്വാര്‍ട്ടേഴ്സുകളിലൊന്ന് മന്ത്രിക്ക് അനുവദിച്ച് ഉത്തരവിറങ്ങിയിട്ടുണ്ട്. എന്നാല്‍ വസതി ഇതുവരെ കൈമാറാത്തതിനാല്‍ ഔദ്യോഗിക താമസസൗകര്യത്തിനായുള്ള കാത്തിരിപ്പ് തുടരുകയാണ്.