തിരുവനന്തപുരം: കൗണ്‍സിലര്‍ സ്ഥാനത്തുനിന്നുള്ള രാജിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഒക്ടോബര്‍ 11 ഞായറാഴ്ച വിശദീകരണം നല്‍കുമെന്ന് തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപി കൗണ്‍സിലറും മുന്‍ ഡിജിപിയുമായ ആര്‍ ശ്രീലേഖ. തന്റെ ഭാഗം കൂടി കേള്‍ക്കണമെന്നും അതുവരെ കാത്തിരിക്കണമെന്നും അവര്‍ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു. താന്‍ രാജിവെച്ചെന്ന വാര്‍ത്ത മാധ്യമങ്ങള്‍ മൂന്നുനാലു ദിവസം ആഘോഷിച്ചത് എന്തുകൊണ്ടാണെന്നു വിശദീകരിക്കാന്‍ ആഗ്രഹിക്കുന്നുവെന്നാണ് ശ്രീലേഖയുടെ പ്രതികരണം. 'എനിക്ക് പറയാനുള്ളത് കൂടി കേള്‍ക്കൂ' എന്നും കുറിപ്പില്‍ അവര്‍ അഭ്യര്‍ഥിച്ചു.
ഒക്ടോബര്‍ മൂന്ന് ശനിയാഴ്ചയാണ് കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചതായി അറിയിച്ച് ശ്രീലേഖ വാട്സ്ആപ്പില്‍ സന്ദേശം പങ്കുവെച്ചത്. ഇത് രാഷ്ട്രീയ ചര്‍ച്ചയായതോടെ ബിജെപി സംസ്ഥാന നേതൃത്വം ഇടപെട്ട് അനുനയിപ്പിക്കുകയും രാജി തീരുമാനത്തില്‍നിന്ന് പിന്തിരിപ്പിക്കുകയുമായിരുന്നു. പിന്നാലെ രാജി സംബന്ധിച്ച സന്ദേശം ശ്രീലേഖ നീക്കം ചെയ്തു. മേയര്‍ സ്ഥാനം ലഭിക്കാത്തതിനെത്തുടര്‍ന്ന് ശ്രീലേഖയ്ക്ക് ബിജെപി നേതൃത്വവുമായി അഭിപ്രായഭിന്നതയുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. രാജി പ്രഖ്യാപനവും തുടര്‍ന്നുള്ള പിന്‍മാറ്റവും ചര്‍ച്ചയായ സാഹചര്യത്തിലാണ് സ്വന്തം നിലപാട് വിശദീകരിക്കാനൊരുങ്ങുന്നതായി അവര്‍ അറിയിച്ചിരിക്കുന്നത്.