തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ കൗണ്‍സില്‍ യോഗങ്ങളുടെ ഹാജര്‍ ബുക്കില്‍ വ്യാജ ഒപ്പ് രേഖപ്പെടുത്തിയെന്ന പരാതിയില്‍ മേയര്‍ വി വി രാജേഷ് ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. വാഴോട്ടുകോണം കൗണ്‍സിലര്‍ ആര്‍ സുഗതന്‍, കോര്‍പ്പറേഷന്‍ സെക്രട്ടറി എന്നിവരാണ് കേസില്‍ ഉള്‍പ്പെട്ട മറ്റുള്ളവര്‍. സിപിഎം നേതാവും കോര്‍പ്പറേഷനിലെ ഇടതുമുന്നണി പാര്‍ലമെന്ററി പാര്‍ട്ടി ലീഡറുമായ എസ് പി ദീപക്കിന്റെ പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് മ്യൂസിയം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍പ്പെട്ട് ഒളിവിലായിരുന്ന സമയത്ത് നടന്ന കൗണ്‍സില്‍ യോഗങ്ങളില്‍ സുഗതന്‍ പങ്കെടുത്തതായി കാണിക്കാന്‍ ഹാജര്‍ ബുക്കില്‍ വ്യാജമായി ഒപ്പിട്ടെന്നാണ് പരാതി. കൗണ്‍സിലില്‍ ഭൂരിപക്ഷം ഉറപ്പാക്കാനാണ് തിരിമറി നടത്തിയതെന്നും പരാതിയില്‍ ആരോപിക്കുന്നു.
കാപ്പാ കേസില്‍ ജൂണ്‍ ഒമ്പതിനാണ് വട്ടിയൂര്‍ക്കാവ് പൊലീസ് സുഗതനെ അറസ്റ്റ് ചെയ്തത്. എന്നാല്‍ അറസ്റ്റിന് സാധ്യതയുണ്ടായിരുന്നതിനാല്‍ അതിനു മുമ്പുള്ള ചില കൗണ്‍സില്‍ യോഗങ്ങളില്‍ അദ്ദേഹം പങ്കെടുത്തിരുന്നില്ലെന്നാണ് എല്‍ഡിഎഫിന്റെ വാദം. ഫെബ്രുവരി 26, മാര്‍ച്ച് 11, ഏപ്രില്‍ 27 തീയതികളിലെ യോഗങ്ങളുടെ ഹാജര്‍ രേഖകളിലാണ് വ്യാജ ഒപ്പുണ്ടെന്ന ആരോപണം ഉയര്‍ന്നിരിക്കുന്നത്.
പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കോര്‍പ്പറേഷന്‍ ഓഫീസിലെത്തി ഹാജര്‍ ബുക്ക് ഉള്‍പ്പെടെയുള്ള രേഖകള്‍ പരിശോധിച്ചിരുന്നു. തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മിഷണര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. ഇതിനു പിന്നാലെയാണ് കേസെടുത്തത്. അതേസമയം, കാപ്പാ പ്രകാരമുള്ള കരുതല്‍ തടവ് റദ്ദാക്കിയതിനെത്തുടര്‍ന്ന് ആര്‍ സുഗതന്‍ ചൊവ്വാഴ്ച ജയില്‍മോചിതനായിരുന്നു.