കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട മാസപ്പടി കേസിലെ ഹൈക്കോടതി ഉത്തരവ് സര്‍ക്കാരിന് തിരിച്ചടിയല്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. വിധിപ്പകര്‍പ്പ് വിശദമായി പരിശോധിച്ചശേഷം തുടര്‍നടപടികള്‍ തീരുമാനിക്കുമെന്നും അപ്പീല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അതിനുശേഷമേ നിലപാടെടുക്കാനാകൂ എന്നും അദ്ദേഹം വ്യക്തമാക്കി. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് പ്രാഥമിക അന്വേഷണത്തിന് തീരുമാനിച്ചതെന്നും പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചത് നിയമവിരുദ്ധമായ നടപടിയല്ലെന്നുമാണ് സര്‍ക്കാരിന്റെ നിലപാടെന്നും അദ്ദേഹം വിശദീകരിച്ചു.
എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാതെ പ്രത്യേക അന്വേഷണ സംഘം പ്രാഥമിക അന്വേഷണം നടത്തുന്ന നടപടി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കിയത്. കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വിജിലന്‍സിനോട് കോടതി നിര്‍ദേശിക്കുകയും ചെയ്തു. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നല്‍കിയ റിപ്പോര്‍ട്ട് പര്യാപ്തമാണെന്നാണ് കോടതിയുടെ വിലയിരുത്തല്‍.
മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസും ഉള്‍പ്പെട്ട ആരോപണങ്ങളില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്ന ആവശ്യമാണ് കോടതിയിലെത്തിയത്. ഇഡി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുപകരം പ്രാഥമിക അന്വേഷണം തുടരാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ ഹര്‍ജിക്കാരന്‍ ചോദ്യം ചെയ്തിരുന്നു. കേസെടുക്കാന്‍ ആവശ്യമായ വിവരങ്ങള്‍ കൈമാറിയിട്ടുണ്ടെന്നായിരുന്നു ഇഡിയുടെ നിലപാട്. എന്നാല്‍ പ്രാഥമിക പരിശോധന വേണമെന്ന വാദമാണ് സര്‍ക്കാര്‍ ഉന്നയിച്ചത്. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍.