ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ നാല് പ്രവിശ്യകളെ ചെറിയ ഭരണഘടകങ്ങളായി വിഭജിക്കുന്നതിന് സൈനിക മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീര്‍ പിന്തുണ നല്‍കുന്നതായി റിപ്പോര്‍ട്ട്. പഞ്ചാബ്, സിന്ധ്, ഖൈബര്‍ പഖ്തൂണ്‍ഖ്വ, ബലൂചിസ്ഥാന്‍ എന്നിവ പുനഃസംഘടിപ്പിച്ച് 12 മുതല്‍ 15 വരെ പ്രവിശ്യകളാക്കുന്നതാണ് ചര്‍ച്ചയിലുള്ള നിര്‍ദേശങ്ങളിലൊന്ന്. 160 ചെറിയ ഭരണപ്രദേശങ്ങളെന്ന ആശയവും പരിഗണനയിലുണ്ടെന്നാണ് വിവരം. നിലവിലെ പ്രവിശ്യകളുടെ വലുപ്പം കാര്യക്ഷമമായ ഭരണത്തിന് തടസ്സമാകുന്നുവെന്നാണ് മുനീറിന്റെ വാദമായി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുന്നതിലെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ ചെറിയ ഭരണഘടകങ്ങള്‍ സഹായിക്കുമെന്നാണ് നിര്‍ദേശത്തെ പിന്തുണയ്ക്കുന്നവരുടെ നിലപാട്.
എന്നാല്‍ ഭരണപരിഷ്‌കാരത്തിന്റെ പേരിലുള്ള നീക്കം സൈന്യത്തിന്റെ അധികാരം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. പഞ്ചാബില്‍ പാക്കിസ്ഥാന്‍ മുസ്ലിം ലീഗ്‌നവാസിനും സിന്ധില്‍ പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിക്കുമുള്ള രാഷ്ട്രീയ സ്വാധീനം വിഭജനത്തിലൂടെ ദുര്‍ബലപ്പെടാമെന്നാണ് വിമര്‍ശകരുടെ വിലയിരുത്തല്‍. വലിയ പ്രവിശ്യകള്‍ കേന്ദ്രാധികാരത്തിന് നല്‍കുന്ന രാഷ്ട്രീയ പ്രതിരോധവും ഇതോടെ കുറയുമെന്ന ആശങ്കയുണ്ട്.
സിന്ധിനെ വിഭജിക്കുന്നതും അതിന്റെ ഭാഗങ്ങള്‍ കേന്ദ്രനിയന്ത്രണത്തിലാക്കുന്നതും എതിര്‍ത്ത് പ്രവിശ്യാ അസംബ്ലി ഇതിനകം പ്രമേയം പാസാക്കിയിട്ടുണ്ട്. പ്രവിശ്യകളുടെ അതിര്‍ത്തി മാറ്റുന്നതിന് ഭരണഘടനാ ഭേദഗതിയും ബന്ധപ്പെട്ട നിയമസഭകളുടെ അംഗീകാരവും ആവശ്യമാണ്. പുനഃസംഘടനയുടെ അന്തിമരൂപമോ നടപ്പാക്കാനുള്ള സമയക്രമമോ പ്രഖ്യാപിച്ചിട്ടില്ല. ജനങ്ങളുടെ അഭിപ്രായവും ദേശീയ സമവായവും ഭരണഘടനാപരമായ നടപടികളും പരിഗണിച്ചാകണം തീരുമാനമെന്ന് ആഭ്യന്തര മന്ത്രി മൊഹ്സിന്‍ നഖ്വി വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.