തിരുവനന്തപുരം: സര്‍ക്കാരിലും യുഡിഎഫിലും കൂടിയാലോചനകളില്ലെന്ന കണ്‍വീനര്‍ അടൂര്‍ പ്രകാശിന്റെ വിമര്‍ശനത്തിന് മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. പ്രധാന നയപരമായ തീരുമാനങ്ങള്‍ പാര്‍ട്ടിയുടെയും മുന്നണിയുടെയും മുതിര്‍ന്ന നേതാക്കളുമായി ആലോചിച്ചാണ് നടപ്പാക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. വിമര്‍ശനങ്ങള്‍ക്ക് താന്‍ അതീതനല്ലെന്നും തെറ്റുകള്‍ ചൂണ്ടിക്കാട്ടിയാല്‍ തുറന്ന മനസ്സോടെ കേള്‍ക്കുമെന്നും പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ സതീശന്‍ പറഞ്ഞു.
കെപിസിസി പ്രസിഡന്റ് ഉള്‍പ്പെടെ പാര്‍ട്ടിയുടെ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ച മുതിര്‍ന്ന നേതാക്കള്‍ മന്ത്രിസഭയിലുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇവരുമായി നിരന്തരം ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. പാര്‍ട്ടിയുടെ നയങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും എന്നാല്‍ ദൈനംദിന ഭരണകാര്യങ്ങളെല്ലാം പാര്‍ട്ടിയുമായി ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും അദ്ദേഹം വിശദീകരിച്ചു. മുഖ്യമന്ത്രിയെന്ന നിലയില്‍ തന്നോട് വിയോജിക്കാനും പരസ്യമായി വിമര്‍ശിക്കാനും ആര്‍ക്കും അവകാശമുണ്ടെന്ന് സതീശന്‍ പറഞ്ഞു. പാര്‍ട്ടിയിലേക്ക് പുതുതായി വരുന്ന യുവാക്കള്‍ക്കും ഈ സ്വാതന്ത്ര്യമുണ്ട്. സ്വന്തം ഭാഗത്ത് തെറ്റുണ്ടെങ്കില്‍ അത് കേള്‍ക്കാന്‍ തയ്യാറാണ്. വിമര്‍ശിക്കുന്നവരുടെ നിലപാടിലാണ് പിശകെന്ന് തോന്നിയാല്‍ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുന്നണിയിലെ നിര്‍ണായക തീരുമാനങ്ങള്‍ തന്നെ അറിയിക്കാതെയാണ് എടുക്കുന്നതെന്നായിരുന്നു അടൂര്‍ പ്രകാശിന്റെ പരാതി. മുസ്ലിം ലീഗ്, ഫോര്‍വേഡ് ബ്ലോക്ക് നേതാക്കള്‍ക്ക് പുതിയ പദവികള്‍ നല്‍കിയതടക്കമുള്ള വിഷയങ്ങളില്‍ കൂടിയാലോചനയുണ്ടായില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു. യുഡിഎഫ് യോഗങ്ങള്‍ ചേരുന്നില്ലെന്നും മുന്നണി ചെയര്‍മാനായ മുഖ്യമന്ത്രി ഇതിനായി മുന്‍കൈയെടുക്കുന്നില്ലെന്നുമുള്ള പരാതിയും അടൂര്‍ പ്രകാശ് ഉന്നയിച്ചിരുന്നു. വിഷയത്തില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഉള്‍പ്പെടെയുള്ളവരെ അദ്ദേഹം സമീപിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.