കൊച്ചി: നെടുമ്പാശ്ശേരി അത്താണിയില്‍ അമിതവേഗത്തിലെത്തിയ മിനി കൂപ്പര്‍ കാര്‍ സ്‌കൂട്ടറിലിടിച്ച് രണ്ട് യുവതികളും യുവാവും മരിച്ചു. കര്‍ണാടക സ്വദേശി ഇജാസ്, പാലക്കാട് സ്വദേശി ഗോപിക, വയനാട് സ്വദേശി ദേവിക എന്നിവരാണ് മരിച്ചത്. കാര്‍ ഓടിച്ചിരുന്ന സുഹൈല്‍ സജീവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച പുലര്‍ച്ചെ അത്താണി സിഗ്‌നലിനു സമീപമായിരുന്നു അപകടം. തൃക്കാക്കരയില്‍ ജോലി ചെയ്യുന്ന മൂന്നുപേരും വിമാനത്താവളത്തിനു സമീപം ചായ കുടിക്കാനെത്തിയതായിരുന്നു. മടങ്ങുന്നതിനിടെ ഇവരുടെ സ്‌കൂട്ടറില്‍ കാര്‍ ഇടിക്കുകയായിരുന്നു. സ്‌കൂട്ടറിനെ നൂറുമീറ്ററോളം കാര്‍ വലിച്ചുകൊണ്ടുപോയതായി നാട്ടുകാര്‍ പറഞ്ഞു.
അപകടത്തിനുശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച ഡ്രൈവറെ നാട്ടുകാര്‍ തടഞ്ഞുവച്ച് പൊലീസിന് കൈമാറി. എന്തു സംഭവിച്ചാലും വീട്ടുകാര്‍ നോക്കിക്കൊള്ളുമെന്ന രീതിയില്‍ ഇയാള്‍ വെല്ലുവിളിച്ചതായും നാട്ടുകാര്‍ ആരോപിച്ചു. പ്രമുഖ വസ്ത്രവ്യാപാരിയുടെ മകനാണ് സുഹൈല്‍ എന്നാണ് റിപ്പോര്‍ട്ട്. കാര്‍ അമിതവേഗത്തിലായിരുന്നുവെന്ന് നെടുമ്പാശ്ശേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അരുണ്‍ കെ.വി. അറിയിച്ചു. ഡ്രൈവര്‍ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് പരിശോധിക്കാന്‍ രക്തസാമ്പിള്‍ അയച്ചിട്ടുണ്ട്. പരിശോധനാഫലം ലഭിക്കുന്നതുവരെ ഇക്കാര്യം സ്ഥിരീകരിക്കാനാവില്ല. ഡ്രൈവറെ ചോദ്യം ചെയ്തുവരികയാണെന്നും കര്‍ശന നടപടിയുണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കി. അതിനിടെ, സുഹൈല്‍ മുമ്പ് മണിക്കൂറില്‍ 218 കിലോമീറ്റര്‍ വേഗത്തില്‍ കാര്‍ ഓടിക്കുന്നതായി കാണിക്കുന്ന സമൂഹമാധ്യമ ദൃശ്യങ്ങളും പുറത്തുവന്നു. ഇയാള്‍തന്നെ പങ്കുവച്ചതാണ് ഈ വിഡിയോ എന്നാണ് റിപ്പോര്‍ട്ട്. ഇത് മുന്‍പത്തെ യാത്രയുടെ ദൃശ്യങ്ങളാണ്; അപകടസമയത്തെ കാറിന്റെ കൃത്യമായ വേഗം സ്ഥിരീകരിച്ചിട്ടില്ല.