തിരുവനന്തപുരം: മാസപ്പടി കേസില് ഹൈക്കോടതിയില് സര്ക്കാര് സ്വീകരിച്ച നിലപാടിനെച്ചൊല്ലി കോണ്ഗ്രസ് പാര്ലമെന്ററി പാര്ട്ടി യോഗത്തില് രൂക്ഷമായ വാദപ്രതിവാദം. സര്ക്കാര് നിലപാട് ശരിയായില്ലെന്ന് മാത്യു കുഴല്നാടന് എംഎല്എ വിമര്ശിച്ചു. ഉമ്മന്ചാണ്ടിക്ക് എല്ഡിഎഫ് നല്കാതിരുന്ന നീതി പിണറായി വിജയന് യുഡിഎഫ് എന്തിനാണ് നല്കുന്നതെന്നും അദ്ദേഹം ചോദിച്ചതായാണ് റിപ്പോര്ട്ട്. വിഷയത്തില് മുഖ്യമന്ത്രി വി.ഡി. സതീശനും കുഴല്നാടനും തമ്മില് കടുത്ത വാഗ്വാദമുണ്ടായി. ചര്ച്ചയുടെ ആദ്യഘട്ടത്തില് യോഗത്തില് പങ്കെടുത്ത കൂടുതല് അംഗങ്ങളും കുഴല്നാടന്റെ നിലപാടിനെ പിന്തുണച്ചതായും വിവരമുണ്ട്.
വിമര്ശനങ്ങള്ക്ക് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും വിശദീകരണം നല്കി. സര്ക്കാര് സ്വീകരിച്ചത് ശരിയായ രാഷ്ട്രീയ നിലപാടാണെന്നും കുഴല്നാടന്റെ പ്രതികരണം ചെറുപ്പത്തിന്റെ ആവേശമാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. വിശദീകരണത്തിനൊടുവില് സര്ക്കാര് നിലപാടിന് യോഗത്തിന്റെ പിന്തുണ ലഭിച്ചതായാണ് റിപ്പോര്ട്ട്. സര്ക്കാര് അധികാരമേറ്റശേഷമുള്ള കോണ്ഗ്രസിന്റെ ആദ്യ പാര്ലമെന്ററി പാര്ട്ടി യോഗത്തിലാണ് തര്ക്കമുണ്ടായത്.
നേരത്തേ, മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹൈക്കോടതി ഡിവിഷന് ബെഞ്ച് വിധിയെ സ്വാഗതം ചെയ്ത കുഴല്നാടന് അഡ്വക്കേറ്റ് ജനറലിന്റെ നിലപാടിനെയും വിമര്ശിച്ചിരുന്നു. എഫ്ഐആര് നിലനില്ക്കില്ലെന്ന വാദത്തിന്റെ അടിസ്ഥാനം വ്യക്തമല്ലെന്നും ബന്ധപ്പെട്ടവര് പാര്ട്ടി വേദിയില് വിശദീകരണം നല്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിഷയത്തില് നിയമപരമായ നിലപാടാണ് സ്വീകരിക്കേണ്ടതെന്നും കുഴല്നാടന് വ്യക്തമാക്കി.