കൊച്ചി: സിഎംആര്എല്-എക്സാലോജിക് കേസില് സര്ക്കാര് സ്വീകരിക്കുന്ന നിലപാടിനെതിരെ വിമര്ശനവുമായി കോണ്ഗ്രസ് നേതാവ് ഡോ. ജിന്റോ ജോണ്. സാധാരണക്കാര്ക്ക് ലഭിക്കാത്ത പ്രത്യേക പരിഗണന പിണറായി വിജയനും കുടുംബത്തിനും നല്കരുതെന്നും നിയമനടപടികളിലെ അമിതമായ കാലതാമസം സംശയങ്ങള്ക്ക് ഇടയാക്കുമെന്നും അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പില് അഭിപ്രായപ്പെട്ടു. ഇഡിയുടെ കത്തിന്റെ അടിസ്ഥാനത്തില് തിടുക്കപ്പെട്ട് കേസെടുക്കാതിരുന്നത് ശരിയായ തീരുമാനമായിരുന്നുവെന്ന് ജിന്റോ വ്യക്തമാക്കി. രാഷ്ട്രീയ വൈരാഗ്യത്തോടെ നടപടിയെടുക്കരുതെന്ന സമീപനത്തെയും അദ്ദേഹം പിന്തുണച്ചു. എന്നാല് ഈ നിലപാട് ആരോപണവിധേയര്ക്ക് അനാവശ്യ സാവകാശം നല്കുന്നതായി മാറരുത്. രാഷ്ട്രീയ വേട്ടയാടല് ഒഴിവാക്കുന്നതിനൊപ്പം, പിണറായിയെയും കുടുംബത്തെയും സംരക്ഷിക്കുന്നുവെന്ന പ്രതീതിയുണ്ടാക്കുന്ന നടപടികളും ഒഴിവാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മുന് സര്ക്കാരിന്റെ കാലത്ത് കോണ്ഗ്രസ് നേതാക്കളും പ്രവര്ത്തകരും നേരിട്ട കേസുകളും പൊലീസ് നടപടികളും ഓര്മിപ്പിച്ചായിരുന്നു വിമര്ശനം. ഉമ്മന്ചാണ്ടിക്ക് നീതി നിഷേധിക്കപ്പെട്ടുവെന്ന് ആവര്ത്തിച്ച നേതാക്കള്, അദ്ദേഹത്തിന്റെ ഓര്മകള്കൂടി പങ്കുവഹിച്ച തിരഞ്ഞെടുപ്പ് വിജയം മറക്കരുതെന്ന് ജിന്റോ പറഞ്ഞു. പുനര്ജനി വിഷയത്തില് വി.ഡി. സതീശനും മോന്സണ് മാവുങ്കല് കേസില് കെ. സുധാകരനും നേരിട്ട നടപടികള് രാഷ്ട്രീയ വേട്ടയാടലായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. സിഎംആര്എല്-എക്സാലോജിക് ഇടപാടില് അന്വേഷണം ആവശ്യപ്പെട്ട മാത്യു കുഴല്നാടനെ വിവിധ നടപടികളിലൂടെ സമ്മര്ദത്തിലാക്കാന് മുന് സര്ക്കാര് ശ്രമിച്ചെന്നും ജിന്റോ ആരോപിച്ചു. കേസുകളും ജയില്വാസവും മര്ദനവും നേരിട്ട പ്രവര്ത്തകരുടെ അനുഭവങ്ങളെയും വികാരങ്ങളെയും പക്വതക്കുറവായി ചിത്രീകരിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേസിലെ ഹര്ജിക്കാരന് കെ.എം. ഷാജഹാനെ ശല്യക്കാരനായ വ്യവഹാരിയായി വിശേഷിപ്പിച്ച സര്ക്കാര് അഭിഭാഷകന്റെ നിലപാടിനെയും ജിന്റോ വിമര്ശിച്ചു. ഹര്ജിക്കാരനോട് അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും അദ്ദേഹം ഉന്നയിക്കുന്ന വിഷയങ്ങളുടെ നിയമപരമായ പ്രസക്തിയാണ് പരിശോധിക്കേണ്ടതെന്ന് കുറിപ്പില് ചൂണ്ടിക്കാട്ടി. പാര്ട്ടി നേതാക്കള് പൊതുവേദികളില് സ്വീകരിച്ച നിലപാടുകള് ഏറ്റുപറഞ്ഞ സാധാരണ പ്രവര്ത്തകരെ പിന്നീട് മറിച്ചുപറയേണ്ട സാഹചര്യത്തിലാക്കരുതെന്നും അദ്ദേഹം പറഞ്ഞു. അധികാരത്തിലെത്തിക്കാന് പ്രവര്ത്തിച്ചവരുടെ രാഷ്ട്രീയബോധ്യങ്ങള്ക്ക് വിലകല്പ്പിക്കണം. പിണറായി വിജയനും വീണ വിജയനും മുഹമ്മദ് റിയാസും തങ്ങള്ക്കെതിരായ ആരോപണങ്ങള്ക്ക് നിയമപരമായി മറുപടി നല്കട്ടെയെന്നും ജിന്റോ ആവശ്യപ്പെട്ടു. സര്ക്കാര് എല്ലാവരുടേതുമാകണം; എന്നാല് പിണറായി വിജയന് പ്രത്യേക സംരക്ഷണം നല്കുന്നതായി തോന്നരുതെന്നും അദ്ദേഹം വ്യക്തമാക്കി. മുന് സര്ക്കാരിന്റെ പ്രവര്ത്തനങ്ങളെ വിലയിരുത്തിയ അതേ മാനദണ്ഡങ്ങള് ജനങ്ങള് ഇപ്പോഴത്തെ സര്ക്കാരിനും ബാധകമാക്കുമെന്ന ഓര്മപ്പെടുത്തലോടെയാണ് കുറിപ്പ് അവസാനിക്കുന്നത്.