തിരുവനന്തപുരം: സംസ്ഥാന വന്യജീവി ബോര്‍ഡ് പുനഃസംഘടിപ്പിച്ചതിനെതിരെ വിമര്‍ശനം. ഭരണപക്ഷവുമായി ബന്ധപ്പെട്ട പരിസ്ഥിതി പ്രവര്‍ത്തകരെ ഒഴിവാക്കിയെന്നും ചില അംഗങ്ങളുടെ തെരഞ്ഞെടുപ്പ് സംരക്ഷണ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്നുമാണ് ആരോപണം. കര്‍ഷക പ്രതിനിധിയായി വയനാട്ടില്‍നിന്നുള്ള കെ.പി. ഏലിയാസിനെ ഉള്‍പ്പെടുത്തിയതാണ് പ്രധാനമായും ചോദ്യം ചെയ്യപ്പെടുന്നത്. വന-വന്യജീവി സംരക്ഷണ നടപടികള്‍ക്കെതിരെ നിലപാടെടുക്കുന്നയാളെ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയതെന്തിനെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ ചോദ്യം. ഏലിയാസിന്റെ സമൂഹമാധ്യമ കുറിപ്പുകളും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. ആദിവാസി പ്രതിനിധികളെ തെരഞ്ഞെടുക്കുന്നതില്‍ ആദിവാസി കോണ്‍ഗ്രസുമായി കൂടിയാലോചന നടത്തിയില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.
മുഖ്യമന്ത്രി അധ്യക്ഷനും വനംമന്ത്രി ഉപാധ്യക്ഷനുമായ ബോര്‍ഡില്‍ നിയമസഭാ പ്രതിനിധികളായി ഉല്ലാസ് കോവൂര്‍, അഡ്വ. സെബാസ്റ്റ്യന്‍ എം.ജെ., സി.കെ. കാസിം എന്നിവരെ ഉള്‍പ്പെടുത്തി. പാലക്കാട്ടുനിന്നുള്ള ഫാ. സജി ജോസഫ് വട്ടുകുളവും കര്‍ഷക പ്രതിനിധിയാണ്. ഡല്‍ഹി ആസ്ഥാനമായ ഒരു സംഘടനയില്‍നിന്ന് രണ്ടുപേരെ ഉള്‍പ്പെടുത്തിയതും വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും സംരക്ഷണ പ്രവര്‍ത്തകനുമായ ഡോ. എം.കെ. രഞ്ജിത്സിങ് ഉള്‍പ്പെടെയുള്ളവരും ബോര്‍ഡിലുണ്ട്. വന്യജീവി വിഭാഗം പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററാണ് മെമ്പര്‍ സെക്രട്ടറി. ഒക്ടോബര്‍ 31ലെ ഉത്തരവുപ്രകാരം നാമനിര്‍ദേശം ചെയ്ത അംഗങ്ങള്‍ക്ക് മൂന്നുവര്‍ഷമോ പകരക്കാരെ നിയമിക്കുന്നതുവരെയോ, ഏതാണോ ആദ്യം, അതുവരെയായിരിക്കും കാലാവധി.