Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ആമിര്‍ഖാന്‍ അഭിനയം നിര്‍ത്തുകയാണോ?
reporter

ബോളിവുഡിലെ സൂപ്പര്‍ താരമാണ് ആമിര്‍ ഖാന്‍ (Aamir Khan). സിനിമാ ലോകത്തെ നടപ്പുരീതികള്‍ക്ക് എതിരെ സഞ്ചരിക്കുന്ന താരം. പ്രകടനത്തിന്റെ കാര്യത്തില്‍ പെര്‍ഫെക്ഷനിസ്റ്റായ ആമിര്‍ എന്നും വ്യത്യസ്തമായ കഥകള്‍ സിനിമയാക്കാന്‍ ശ്രമിക്കുന്ന താരമാണ്. കഴിഞ്ഞ കുറച്ച് നാളുകളായി ആമിര്‍ ഖാന്റെ കരിയറുമായി ബന്ധപ്പെട്ട ചില അഭ്യൂഹങ്ങള്‍ സജീവമായി മാറിയിട്ടുണ്ട്. ആമിര്‍ അധികം വൈകാതെ അഭിനയം നിര്‍ത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറഞ്ഞത്. 'മഹാഭാരത്' എന്ന തന്റെ സ്വപ്ന ചിത്രത്തിന് ശേഷം അഭിനയം നിര്‍ത്തുമെന്ന് ആമിര്‍ പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അഭ്യൂഹങ്ങളോട് പ്രതികരിക്കുകയാണ് ആമിര്‍ ഖാന്‍. താന്‍ അഭിനയം നിര്‍ത്താന്‍ പോകുന്നുവെന്ന വാര്‍ത്തകളെ പൂര്‍ണ്ണമായും തള്ളിക്കളയുകയാണ് ആമിര്‍ ഖാന്‍.

മഹാഭാരത് താന്‍ ഏറെക്കാലമായി മനസില്‍ കൊണ്ടു നടക്കുന്ന സിനിമയാണ്. അതിനാല്‍ ഏത് സിനിമയ്ക്ക് ശേഷം സന്തോഷത്തോടെ അഭിനയം നിര്‍ത്തുമെന്ന് ചോദിച്ചപ്പോള്‍ താന്‍ മഹാഭാരത് എന്ന് പറഞ്ഞതാണെന്നാണ് ആമിര്‍ ഖാന്‍ പറയുന്നത്. എന്നാല്‍ തന്റെ വാക്കുകളെ വളച്ചൊടിക്കുകയായിരുന്നുവെന്ന് താരം പറയുന്നു. ''മഹാഭാരത് എന്റെ അവസാന സിനിമയായിരിക്കില്ല. ഇപ്പോള്‍ എന്ത് പറഞ്ഞാലും അത് തെറ്റായി വ്യാഖ്യാനിക്കപ്പെടും. ഏത് സിനിമ ചെയ്താലാകും അതിന് ശേഷം സിനിമയേ ചെയ്യേണ്ട എന്ന് തോന്നുക എന്നാണ് എന്നോട് ചോദിച്ചത്. അങ്ങനൊരു സിനിമ ചെയ്യുകയാണെങ്കില്‍ എന്നാണ് ചോദിച്ചത്. 'ചെയ്യുകയാണെങ്കില്‍' എന്നതിന് വളരെ പ്രാധാന്യമുണ്ട്'' എന്നാണ് ആമിര്‍ ഖാന്‍ നല്‍കിയ മറുപടി. നടന്‍ എന്ന നിലയില്‍ തന്നെ തൃപ്തനാക്കാന്‍ സാധിക്കുന്നതെല്ലാം മഹാഭാരതത്തിലുണ്ട്. അതുകൊണ്ടാണ് ആ സിനിമ ചെയ്യുന്നതോടെ താന്‍ സന്തോഷത്തോടെ വിരമിക്കും എന്ന് പറഞ്ഞത്. അല്ലാതെ തന്റെ അവസാന ചിത്രം അതായിരിക്കും എന്നല്ല താന്‍ പറഞ്ഞതിന്റെ അര്‍ത്ഥമെന്നും ആമിര്‍ ഖാന്‍ പറയുന്നുണ്ട്. തന്റെ വാക്കുകള്‍ ആളുകള്‍ വ്യക്തമായി കേള്‍ക്കാതെ, തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കുകയാണെന്നും താരം പറഞ്ഞു.

ആമിര്‍ ഖാന്റെ സ്വപ്ന ചിത്രമാണ് മഹാഭാരത്. നേരത്തെ ഒരു പോഡ്കാസ്റ്റില്‍ സംസാരിക്കവെയാണ് താരം ഈ സിനിമയെക്കുറിച്ച് സംസാരിച്ചത്. റിലീസ് കാത്തു നില്‍ക്കുന്ന സിത്താരെ സമീന്‍ പര്‍ എന്ന ചിത്രത്തിന് ശേഷം താന്‍ മഹാഭാരതിന്റെ ജോലികളിലേക്ക് കടക്കുമെന്നും ആമിര്‍ ഖാന്‍ പറഞ്ഞിരുന്നു. അതേസമയം തന്റെ പുതിയ സിനിമയായ സിത്താരെ സമീന്‍ പറിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആമിര്‍ ഖാന്‍. ജൂണ്‍ 20 നാണ് സിനിമ തിയറ്ററുകളിലേക്ക് എത്തുക. ജെനീലിയ ഡിസൂസയാണ് ചിത്രത്തിലെ നായിക. ആര്‍ എസ് പ്രസന്ന സംവിധാനം ചെയ്യുന്ന ചിത്രം സ്പാനിഷ് ചിത്രമായ ചാമ്പ്യന്‍സിന്റെ റീമേക്കാണ്. ആമിറിനൊപ്പം ഒരു പറ്റം പുതുമുഖങ്ങളും അണി നിരക്കുന്ന ചിത്രമാണ് 'സിത്താരെ സമീന്‍ പര്‍'.

 
Other News in this category

 
 




 
Close Window