തൃശൂര്‍: കേന്ദ്രമന്ത്രിയും തൃശൂരില്‍ നിന്നുള്ള എംപിയുമായ സുരേഷ് ഗോപിയെ കാണാനില്ലെന്ന് പരാതി. സുരേഷ് ഗോപിയെ തൃശൂര്‍ മണ്ഡലത്തില്‍ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കെഎസ്‌യു തൃശൂര്‍ ജില്ലാ പ്രസിഡന്റ് ഗോകുല്‍ ഗുരുവായൂര്‍ തൃശൂര്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്.
ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റു ചെയ്തശേഷം കേന്ദ്രമന്ത്രിയും തൃശൂര്‍ എംപിയുമായ സുരേഷ്‌ഗോപിയെ മണ്ഡലത്തില്‍ കാണാനില്ലെന്ന് പരാതിയില്‍ പറയുന്നു. സുരേഷ്‌ഗോപിയുടെ തിരോധാനത്തിനു പിന്നില്‍ ആരാണെന്നും, അദ്ദേഹം എവിടെയാണെന്നും കണ്ടെത്തണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.
ഡല്‍ഹിയിലേക്ക് അയച്ച നടനെ കാണാനില്ലെന്ന് അഭിപ്രായപ്പെട്ട്, സുരേഷ് ഗോപിക്കെതിരെ പരോക്ഷ പരിഹാസവുമായി ഓര്‍ത്തഡോക്‌സ് സഭ തൃശ്ശൂര്‍ ഭദ്രാസന അധിപന്‍ മാര്‍ യൂഹാനോന്‍ മിലിത്തിയോസ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സുരേഷ് ഗോപിയെ കാണാനില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും പ്രതികരിച്ചിരുന്നു.