Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6813 INR  1 EURO=109.541 INR
ukmalayalampathram.com
Wed 23rd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
പി.എം. ശ്രീ പദ്ധതി: നടപ്പാക്കാന്‍ തീരുമാനം എടുത്തിട്ടില്ലെന്ന് മന്ത്രി കെ. രാജന്‍
reporter

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ പി.എം. ശ്രീ (PM SHRI) വിദ്യാഭ്യാസപദ്ധതി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് റവന്യൂമന്ത്രി കെ. രാജന്‍ വ്യക്തമാക്കി. പദ്ധതിയെക്കുറിച്ച് മന്ത്രിസഭയില്‍ ഇതുവരെ ചര്‍ച്ച നടത്തിയിട്ടില്ലെന്നും വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞതിനെക്കുറിച്ച് തനിക്ക് അറിവില്ലെന്നും അദ്ദേഹം പറഞ്ഞു.

പദ്ധതിയെക്കുറിച്ച് വിശദമായ ചര്‍ച്ച ആവശ്യമാണ്. കേരളത്തെ കേന്ദ്രം പലതരത്തിലുള്ള കുതന്ത്രങ്ങളിലൂടെ ഒതുക്കാന്‍ ശ്രമിക്കുന്നതായി മന്ത്രി ആരോപിച്ചു. ''കേരളത്തോട് അപകടകരമായ രീതിയിലാണ് കേന്ദ്രം പെരുമാറുന്നത്. ഫെഡറല്‍ സംവിധാനത്തിന് വിരുദ്ധമായ സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നത്. ഇത്തരം നീക്കങ്ങള്‍ക്ക് കേരളം മുട്ടുമടക്കി വഴങ്ങില്ല,'' മന്ത്രി വ്യക്തമാക്കി.

പദ്ധതിയില്‍ ഒപ്പിടാന്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും അതിനായി നിര്‍ദേശം നല്‍കിയതായും തനിക്ക് അറിവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിപിഐയുടെ നിലപാട് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കിയതാണെന്നും അതില്‍ മാറ്റമില്ലെന്നും മന്ത്രി പറഞ്ഞു. ''പദ്ധതി നടപ്പാക്കാന്‍ തീരുമാനമെടുത്തതായി അറിവില്ല. ചര്‍ച്ച നടന്നാല്‍ അഭിപ്രായം പറയും. ആവശ്യമെങ്കില്‍ മന്ത്രിസഭായോഗം വിഷയത്തില്‍ തീരുമാനമെടുക്കും,'' അദ്ദേഹം പറഞ്ഞു.

2022ലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പി.എം. ശ്രീ പദ്ധതി പ്രഖ്യാപിച്ചത്. രാജ്യത്തെ സ്‌കൂളുകളുടെ അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, സ്മാര്‍ട്ട് ക്ലാസ് മുറികള്‍, ആധുനിക സാങ്കേതിക വിദ്യകള്‍, ലാബുകള്‍, ലൈബ്രറികള്‍ എന്നിവ ഒരുക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങള്‍. എന്നാല്‍ പദ്ധതിയില്‍ ഒപ്പിട്ടാല്‍ ദേശീയ വിദ്യാഭ്യാസ നയം (NEP) നടപ്പാക്കേണ്ടി വരുമെന്ന ആശങ്കയോടെ കേരളം ഉള്‍പ്പെടെയുള്ള ബിജെപി വിരുദ്ധ സംസ്ഥാന സര്‍ക്കാരുകള്‍ പദ്ധതി എതിര്‍ക്കുകയാണ്.

 
Other News in this category

 
 




 
Close Window