Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6813 INR  1 EURO=109.541 INR
ukmalayalampathram.com
Wed 23rd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
പിഎം ശ്രീ കരാറില്‍ ഒപ്പിട്ടതിനെതിരെ സിപിഐ-സിപിഎം തര്‍ക്കം: മുഖ്യമന്ത്രി ബിനോയിയെ ഫോണില്‍ വിളിച്ചു
reporter

തിരുവനന്തപുരം: പിഎം ശ്രീ കരാറില്‍ ഒപ്പിട്ടതുമായി ബന്ധപ്പെട്ട വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ ഫോണില്‍ വിളിച്ച് വിശദീകരണം നല്‍കി. ഇന്നലെയാണ് മുഖ്യമന്ത്രി ബിനോയുമായി ഫോണില്‍ സംസാരിച്ചത്. കരാറില്‍ ഒപ്പിടാന്‍ ഇടയായ സാഹചര്യങ്ങള്‍ വിശദീകരിച്ച മുഖ്യമന്ത്രി, കരാറില്‍ നിന്ന് പിന്നോട്ട് പോകുന്നത് പ്രയാസമാണെന്നും ഫണ്ട് പ്രധാനമാണെന്നും വ്യക്തമാക്കി. ബാക്കി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാമെന്നും കടുത്ത തീരുമാനത്തിലേക്ക് പോകരുതെന്നും അദ്ദേഹം ബിനോയിയെ അറിയിച്ചു.

മുഖ്യമന്ത്രിയോട് പാര്‍ട്ടിയുടെ ശക്തമായ എതിര്‍പ്പ് ബിനോയ് വ്യക്തമാക്കിയതായാണ് വിവരം. കാബിനറ്റില്‍ ചര്‍ച്ച ചെയ്യാതെ എംഒയു ഒപ്പിട്ടത് ശരിയായില്ലെന്നും, പിഎം ശ്രീ പദ്ധതിയെ എല്‍ഡിഎഫ് ഒരുപോലെ എതിര്‍ത്തതാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിനിടെ, പിഎം ശ്രീ വിഷയത്തില്‍ സിപിഎമ്മും ഇന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരും. രാവിലെ പത്തിനാണ് യോഗം. പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം.എ. ബേബിയും പങ്കെടുക്കുമെന്നാണ് സൂചന. സംസ്ഥാന സെക്രട്ടേറിയറ്റില്‍ പോലും ചര്‍ച്ച ചെയ്യാതെയാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം പദ്ധതി ഒപ്പിട്ടതെന്നാണ് പുറത്തുവരുന്ന വിവരം.

പദ്ധതിയില്‍ നിന്ന് സംസ്ഥാനം പിന്‍മാറുകയല്ലാതെ ഒത്തുതീര്‍പ്പിന് തയ്യാറല്ലെന്ന നിലപാടിലാണ് സിപിഐ. നയപരമായ തീരുമാനം കൈക്കൊള്ളുന്നതിനായി സിപിഐ സംസ്ഥാന നിര്‍വാഹകസമിതി യോഗം ഇന്ന് ആലപ്പുഴയില്‍ ചേരും. ജില്ലാ കമ്മിറ്റി ഓഫീസിലാണ് രാവിലെ പത്തിന് യോഗം.

മുന്നണിയെ ഇരുട്ടില്‍ നിര്‍ത്തി കരാറില്‍ ഒപ്പിട്ടതിന്റെ മറുപടിയായി, സിപിഐ മന്ത്രിമാര്‍ കഴിഞ്ഞ ദിവസത്തെ സെക്രട്ടേറിയറ്റ് യോഗത്തില്‍ രാജിസന്നദ്ധത അറിയിച്ചിരുന്നു. മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതും പരിഗണനയിലുണ്ട്. ഗള്‍ഫ് പര്യടനത്തിലായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ തിരികെയെത്തിയിട്ടുണ്ട്. കാര്യങ്ങള്‍ കൈവിട്ടുപോകാതിരിക്കാന്‍ അവസാന നിമിഷം മുഖ്യമന്ത്രിയുടെ ഇടപെടലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സിപിഐ.

 
Other News in this category

 
 




 
Close Window