Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=115.5802 INR  1 EURO=101.8123 INR
ukmalayalampathram.com
Thu 06th Nov 2025
 
 
വാര്‍ത്തകള്‍
  Add your Comment comment
ഹരിയാനയില്‍ വന്‍ വോട്ടു ചതിയെന്ന് രാഹുല്‍ ഗാന്ധി; 25 ലക്ഷം കള്ളവോട്ടുകള്‍ നടന്നതായി ആരോപണം
reporter

ന്യൂഡല്‍ഹി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ അട്ടിമറിയുണ്ടായതായി കോണ്‍ഗ്രസ് നേതാവും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി. 25 ലക്ഷം കള്ളവോട്ടുകള്‍ നടന്നതായും, ബിജെപിക്ക് വോട്ട് മോഷണത്തിനുള്ള എല്ലാ സഹായവും തെരഞ്ഞെടുപ്പ് കമ്മീഷനാണ് നല്‍കിയതെന്നും രാഹുല്‍ ആരോപിച്ചു. കോണ്‍ഗ്രസ് ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രാഹുലിന്റെ രൂക്ഷ വിമര്‍ശനം.

'സ്വീറ്റി, സീമ, സരസ്വതി' എന്നീ വ്യത്യസ്ത പേരുകളില്‍ ഒരു യുവതി പത്തു ബൂത്തുകളിലായി 22 തവണ വോട്ട് ചെയ്തതായും, അതിന്റെ രേഖകള്‍ പുറത്തുവിട്ടതായും രാഹുല്‍ പറഞ്ഞു. വോട്ട് ചെയ്ത യുവതി ബ്രസീലിയന്‍ മോഡല്‍ മതിയൂസ് ഫെരെറോയാണെന്നും അദ്ദേഹം ആരോപിച്ചു.

ഹരിയാനയില്‍ എക്സിറ്റുപോളുകളും പോസ്റ്റല്‍ വോട്ടുകളുമെല്ലാം കോണ്‍ഗ്രസിന് അനുകൂലമായിരുന്നുവെന്നും, 1.18 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷം ഉണ്ടായിരുന്നിട്ടും 8 മണ്ഡലങ്ങളില്‍ 22,729 വോട്ടുകളുടെ വ്യത്യാസം മാത്രമാണ് തോല്‍വിയിലേക്കു നയിച്ചതെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. ''ഇത് ഒരു സംസ്ഥാനം തട്ടിയെടുത്ത കഥയാണ്. ഹരിയാനയില്‍ നടന്നത് 'ഓപ്പറേഷന്‍ സര്‍ക്കാര്‍ ചോരി'യാണ്,'' അദ്ദേഹം പറഞ്ഞു.

വോട്ട് കൊള്ള ഏതാനും സീറ്റുകളില്‍ മാത്രമല്ല, സംസ്ഥാനതലത്തിലും ദേശീയതലത്തിലും ആസൂത്രിതമായി നടക്കുന്നതാണ്. 5,21,619 ഡൂപ്ലിക്കേറ്റ് വോട്ടര്‍മാരും 93,174 വ്യാജ വിലാസങ്ങളും ഉണ്ടായതായും രാഹുല്‍ ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ വീണ്ടും പരിശോധിക്കുന്നത് തടയുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഒരു വോട്ടര്‍ ഐഡിയില്‍ ഒരാള്‍ക്ക് ഒരു മണ്ഡലത്തില്‍ നൂറ് വോട്ടുകള്‍ ഉള്‍പ്പെട്ടതായും, ഒരേ ഫോട്ടോ ഉപയോഗിച്ച് രണ്ട് പോളിങ് ബൂത്തില്‍ 223 വോട്ടുകള്‍ പട്ടികയില്‍ ഉള്‍പ്പെട്ടതായും രാഹുല്‍ ആരോപിച്ചു.

നേരത്തെ കര്‍ണാടകയിലെ വോട്ടുചോരിയുമായി ബന്ധപ്പെട്ടും രാഹുല്‍ വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. ബിഹാറില്‍ ആദ്യഘട്ട വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെയാണ് പുതിയ ആരോപണങ്ങളുമായി രാഹുല്‍ രംഗത്തെത്തിയത്.

 
Other News in this category

 
 




 
Close Window