Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6813 INR  1 EURO=109.541 INR
ukmalayalampathram.com
Wed 23rd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ശബരിമല സ്വര്‍ണക്കവര്‍ച്ച കേസ്: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍ അറസ്റ്റില്‍
reporter

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിനെ പ്രത്യേക അന്വേഷണ സംഘം (SIT) അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്തെ രഹസ്യകേന്ദ്രത്തില്‍ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സിപിഎം നേതാവും ആയ പത്മകുമാര്‍ രാവിലെ ചോദ്യം ചെയ്യലിനായി എസ്ഐടിക്കു മുന്നില്‍ ഹാജരായിരുന്നു. എസ്പി ശശിധരന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍.

പത്മകുമാറിന് നേരത്തെ നോട്ടീസ് നല്‍കിയിരുന്നെങ്കിലും വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സാവകാശം തേടുകയായിരുന്നു. മുന്‍ ദേവസ്വം കമ്മീഷണര്‍ എന്‍ വാസുവിന്റെ അറസ്റ്റിന് പിന്നാലെയാണ് പത്മകുമാറിന് വീണ്ടും ഹാജരാകാന്‍ നിര്‍ദേശം ലഭിച്ചത്. അദ്ദേഹത്തിന്റെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചും അന്വേഷണ സംഘം പരിശോധിക്കുന്നു.

2019-ല്‍ ദേവസ്വം കമ്മീഷണര്‍ ആയിരുന്ന എന്‍ വാസുവിന്റെ ശുപാര്‍ശ പ്രകാരം ബോര്‍ഡ് അംഗങ്ങളുടെ അറിവോടെയാണ് സ്വര്‍ണം പതിച്ച പാളികള്‍ ചെമ്പെന്ന് രേഖപ്പെടുത്തി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഈ കൈമാറ്റത്തില്‍ പത്മകുമാര്‍ നിര്‍ണായക പങ്ക് വഹിച്ചുവെന്നുമാണ് വിലയിരുത്തല്‍.

കേസില്‍ നേരത്തെ അറസ്റ്റിലായ മുരാരി ബാബു, എന്‍ വാസു തുടങ്ങിയ പ്രതികളുടെ മൊഴികള്‍ പത്മകുമാറിനെതിരായതായും റിപ്പോര്‍ട്ടുകളുണ്ട്. എന്‍ വാസു ദേവസ്വം കമ്മീഷണറായിരുന്ന സമയത്താണ് പത്മകുമാര്‍ ബോര്‍ഡ് പ്രസിഡന്റ് ആയിരുന്നത്. എന്‍ വാസു ഇപ്പോഴും എസ്ഐടി കസ്റ്റഡിയില്‍ തുടരുകയാണ്.

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ അന്വേഷണം കൂടുതല്‍ ശക്തമാകുന്നതിനിടെയാണ് പത്മകുമാറിന്റെ അറസ്റ്റ്, കേസില്‍ പുതിയ വഴിത്തിരിവുകള്‍ക്ക് ഇടയാക്കുമെന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘം.

 
Other News in this category

 
 




 
Close Window