Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.238 INR  1 EURO=109.8418 INR
ukmalayalampathram.com
Fri 07th Aug 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
മോദിയെ പുകഴ്ത്തിയതിനെതിരെ ശശി തരൂരിന് കോണ്‍ഗ്രസില്‍ വിമര്‍ശനം ശക്തം
reporter

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തിയതിനെ തുടര്‍ന്ന് തിരുവനന്തപുരം എംപി ശശി തരൂരിനെതിരെ കോണ്‍ഗ്രസില്‍ ശക്തമായ എതിര്‍പ്പ് ഉയരുന്നു. രൂക്ഷമായ ഭാഷയില്‍ കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് തരൂരിനെ വിമര്‍ശിച്ചു. ''തരൂര്‍ കപടനാട്യക്കാരനാണ്; എന്തിനാണ് ഇനിയും കോണ്‍ഗ്രസില്‍ തുടരുന്നത്?'' എന്നായിരുന്നു ദീക്ഷിതിന്റെ ചോദ്യം.

പ്രധാനമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുത്ത അനുഭവം എക്സില്‍ പങ്കുവച്ചതിനെ തുടര്‍ന്നാണ് തരൂരിനെതിരെ വിമര്‍ശനം ശക്തമായത്. ''ഇന്ത്യയെ കുറിച്ച് തരൂരിന് കാര്യമായ അറിവില്ല. കോണ്‍ഗ്രസിന്റെ നയങ്ങള്‍ക്കെതിരെ നിലകൊള്ളുന്നവര്‍ രാജ്യത്തിന് നല്ലത് ചെയ്യുന്നു എന്ന് കരുതുന്നെങ്കില്‍ ആ രാഷ്ട്രീയപാത പിന്തുടരണം. അല്ലാതെ എംപിയായത് കൊണ്ടാണ് പാര്‍ട്ടിയില്‍ തുടരുന്നത് എന്നോ?'' - സന്ദീപ് ദീക്ഷിത് പ്രതികരിച്ചു.

''മോദിയുടെയോ ബിജെപിയുടെയോ നയങ്ങള്‍ കോണ്‍ഗ്രസിനേക്കാള്‍ മികച്ചതാണെന്ന് വിശ്വസിക്കുന്നെങ്കില്‍ അത് തുറന്നുപറയണം. അല്ലെങ്കില്‍ തരൂര്‍ കപടനാട്യക്കാരനാണ്,'' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തരൂരിന്റെ മോദി സ്തുതിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രീനേറ്റും രംഗത്തെത്തി. ''പ്രശംസിക്കത്തക്കതൊന്നും പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ കണ്ടില്ല. തരൂര്‍ അതെങ്ങനെ കണ്ടെത്തിയെന്നത് അതിശയകരമാണ്,'' - സുപ്രിയ പറഞ്ഞു. ''മോദിയുടെ പ്രസംഗത്തില്‍ അസാധാരണമൊന്നും ഉണ്ടായിരുന്നില്ല. മറിച്ച് കോണ്‍ഗ്രസിനെ വിമര്‍ശിക്കുകയും പ്രധാനമന്ത്രിക്ക് നിലപാട് പറയേണ്ട വിഷയങ്ങളില്‍ ഒന്നിലും ഉത്തരം നല്‍കാതിരിക്കുകയും ചെയ്തു,'' എന്നും സുപ്രിയ ശ്രീനേറ്റ് വിമര്‍ശിച്ചു.

ഡല്‍ഹിയില്‍ നടന്ന സ്വകാര്യ ചടങ്ങില്‍ പങ്കെടുത്തതിന്റെ അനുഭവം എക്സില്‍ പങ്കുവച്ചതായിരുന്നു തരൂരിന്റെ പോസ്റ്റ്. ''കൊളോണിയലിസത്തിന് ശേഷമുള്ള മാനസികാവസ്ഥയില്‍ നിന്ന് ഇന്ത്യ മുന്നോട്ടുപോകണം'' എന്നായിരുന്നു പ്രധാനമന്ത്രിയുടെ സന്ദേശമെന്ന് തരൂര്‍ കുറിച്ചിരുന്നു.

തരൂരിന്റെ പരാമര്‍ശങ്ങള്‍ പാര്‍ട്ടിയ്ക്ക് അകത്തും പുറത്തും രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്.

 
Other News in this category

 
 




 
Close Window