Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6813 INR  1 EURO=109.541 INR
ukmalayalampathram.com
Wed 23rd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ശബരിമല സ്വര്‍ണക്കവര്‍ച്ച: എ പത്മകുമാറിന്റെ മൊഴി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി; മുന്‍ മന്ത്രി കടകംപള്ളിയെ ചോദ്യം ചെയ്യും
reporter

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ അറസ്റ്റിലായ എ പത്മകുമാറിന്റെ മൊഴി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി. സ്വര്‍ണ്ണപ്പാളി അറ്റകുറ്റപ്പണി നടത്തുന്നതിനായി ഉണ്ണികൃഷ്ണന്‍ പോറ്റി സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നുവെന്ന് പത്മകുമാര്‍ മൊഴിയില്‍ വ്യക്തമാക്കി. ദേവസ്വം മന്ത്രിക്ക് നല്‍കിയ അപേക്ഷയാണ് പിന്നീട് ദേവസ്വം ബോര്‍ഡിന് കൈമാറിയതെന്നും അദ്ദേഹം പറഞ്ഞു.

ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) ചോദ്യം ചെയ്യാനാണ് നീക്കം. ഉണ്ണികൃഷ്ണന്‍ പോറ്റി ആദ്യം അപേക്ഷ നല്‍കിയത് ദേവസ്വം ബോര്‍ഡിലോ അതിലെ ഉദ്യോഗസ്ഥര്‍ക്കോ അല്ല, നേരിട്ട് സര്‍ക്കാരിനാണ്. അതിനുശേഷമാണ് അപേക്ഷ ദേവസ്വം ബോര്‍ഡിലേക്ക് എത്തിയത്. അന്നത്തെ ദേവസ്വം മന്ത്രി അടക്കമുള്ളവര്‍ അറിയാതെ ഈ അപേക്ഷ ബോര്‍ഡിലേക്ക് എത്തില്ലെന്നും പത്മകുമാര്‍ മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

അപേക്ഷയുടെ അടിസ്ഥാനത്തില്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതി തുടര്‍നടപടികള്‍ സ്വീകരിച്ചു. ഫയല്‍ നീക്കം ഉള്‍പ്പെടെയുള്ള നടപടികള്‍ ഉദ്യോഗസ്ഥരാണ് കൈകാര്യം ചെയ്തതെന്നും സര്‍ക്കാര്‍ അനുമതിയോടെയാണെന്ന് ഉത്തരവില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും പത്മകുമാര്‍ മൊഴിയില്‍ പറഞ്ഞു.

സ്വര്‍ണപ്പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയതില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായോ എന്നത് പരിശോധിക്കുന്നതിനാണ് മുന്‍മന്ത്രി കടകംപള്ളിയെ ചോദ്യം ചെയ്യുന്നത്. പത്മകുമാറിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തശേഷം കടകംപള്ളിക്ക് നോട്ടിസ് നല്‍കാനാണ് തീരുമാനം.

ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനുമായി പരിചയം ഉണ്ടായിരുന്നുവെന്ന വിവരം അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. സ്വര്‍ണക്കൊള്ളയെക്കുറിച്ച് മുന്‍മന്ത്രിക്ക് നേരിട്ട് അറിവുണ്ടായിരുന്നോ, അല്ലെങ്കില്‍ ലഭിച്ച നിവേദനം ബോര്‍ഡിലേക്ക് കൈമാറുക മാത്രമാണോ അദ്ദേഹം ചെയ്തതെന്നത് എസ്‌ഐടി പരിശോധിക്കുന്നുണ്ട്.

 
Other News in this category

 
 




 
Close Window