Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6813 INR  1 EURO=109.541 INR
ukmalayalampathram.com
Wed 23rd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
എറണാകുളം ജനറല്‍ ആശുപത്രിയില്‍ രാജ്യത്തെ ആദ്യ ഹൃദയ മാറ്റ ശസ്ത്രക്രിയ വിജയകരം
reporter

എറണാകുളം: രാജ്യത്ത് ആദ്യമായി സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ നടത്തിയ ഹൃദയ മാറ്റ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി. വൈകിട്ട് 6.46ഓടെയാണ് ശസ്ത്രക്രിയ അവസാനിച്ചത്. മാറ്റിവെച്ച ഹൃദയം നേപ്പാള്‍ സ്വദേശി ദുര്‍ഗ കാമിയുടെ ശരീരത്തില്‍ മിടിച്ച് തുടങ്ങി. ദുര്‍ഗയുടെ ആരോഗ്യനില തൃപ്തികരമാണെന്നും തുടര്‍ ചികിത്സ സംബന്ധിച്ച തീരുമാനം ഉടന്‍ അറിയിക്കുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

വാഹനാപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച കൊല്ലം സ്വദേശി ഷിബുവിന്റെ ഹൃദയമാണ് ദുര്‍ഗയ്ക്ക് നല്‍കിയിരിക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് സര്‍ക്കാര്‍ എയര്‍ ആംബുലന്‍സിലൂടെ ഹൃദയം കൊച്ചിയിലേക്ക് എത്തിച്ചു.

രാവിലെ 9.25ഓടെയാണ് എറണാകുളം ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ സംഘം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിയത്. പത്ത് മണിയോടെ ഷിബുവിന്റെ അവയവങ്ങള്‍ എടുക്കാനുള്ള ശസ്ത്രക്രിയ ആരംഭിച്ചു. 2 മണിയോടെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കി എയര്‍ ആംബുലന്‍സ് കൊച്ചിയിലേക്ക് പറന്നു. ഉച്ചയ്ക്ക് 2.52ന് കൊച്ചി ഗ്രാന്‍ഡ് ഹയാത്തില്‍ ഹെലികോപ്ടര്‍ ഇറങ്ങി. 2.57ന് ഹൃദയവുമായി ആംബുലന്‍സ് ജനറല്‍ ആശുപത്രിയിലേക്ക് പുറപ്പെട്ടു. മൂന്ന് മണിയോടെ ആശുപത്രിയില്‍ എത്തിച്ച ഹൃദയം അതിവേഗ നടപടികളിലൂടെ ശസ്ത്രക്രിയയ്ക്കായി ഒരുക്കി.

ഷിബുവിന്റെ വൃക്കകള്‍, കരള്‍, നേത്രപടലം, ചര്‍മ്മം എന്നിവയും കുടുംബം ദാനം ചെയ്തു. അവയവദാനത്തിന് സമ്മതം നല്‍കിയ കുടുംബത്തിന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നന്ദി അറിയിച്ചു.

രാജ്യത്ത് ആദ്യമായാണ് സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി നടക്കുന്നത്. അതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ആര്‍. ഷാഹിര്‍ഷാ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് 21 വയസ്സുകാരി ദുര്‍ഗ കാമി ഹൃദയ ചികിത്സക്കായി ആശുപത്രിയിലെത്തിയത്. അമ്മയും സഹോദരിയും ഇതേ രോഗം മൂലം മരണമടഞ്ഞ സാഹചര്യത്തില്‍ ദുര്‍ഗയ്ക്ക് സഹോദരന്‍ മാത്രമാണ് ഇപ്പോള്‍ ഉള്ളത്

 
Other News in this category

 
 




 
Close Window