Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.429 INR  1 EURO=106.8376 INR
ukmalayalampathram.com
Sat 04th Apr 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ശബരിമല സ്വര്‍ണക്കൊള്ള കേസ്: കോടതി മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല
reporter

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കോടതി മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. എസ്ഐടിയില്‍ വിശ്വാസക്കുറവില്ലെങ്കിലും അന്താരാഷ്ട്ര സംഘങ്ങളുമായി ബന്ധമുള്ള കേസായതിനാല്‍ എസ്ഐടിക്ക് അന്വേഷണത്തില്‍ പരിമിതിയുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

കേസില്‍ അറസ്റ്റിലായ എ. പത്മകുമാര്‍, എന്‍. വാസു എന്നിവര്‍ക്കെതിരെ സിപിഎം നടപടിയെടുക്കാത്തതിനെതിരെ ചെന്നിത്തല വിമര്‍ശനം ഉന്നയിച്ചു. ''പാര്‍ട്ടി നടപടി എടുത്താല്‍ കൂടുതല്‍ ഉന്നതരുടെ പേര് പുറത്തുവരും എന്ന ഭയമാണ് മുഖ്യമന്ത്രിക്ക്. അതുകൊണ്ടാണ് സിപിഎം അവരെ പുറത്താക്കാത്തത്. പിന്നെ കോണ്‍ഗ്രസിനെതിരെ മുഖ്യമന്ത്രി തിരിയുകയാണ്,'' എന്നും അദ്ദേഹം ആരോപിച്ചു.

സ്വര്‍ണക്കൊള്ളയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ബന്ധമുണ്ടെന്ന ആരോപണം തള്ളിക്കളഞ്ഞ ചെന്നിത്തല, ''പോലീസ് അന്വേഷിച്ചിട്ടും ഇതുവരെ ആരെയും കണ്ടെത്തിയിട്ടില്ല. യഥാര്‍ത്ഥ ബന്ധമുള്ളത് സിപിഎമ്മിലും സര്‍ക്കാരിന്റെ ഉന്നതരിലുമാണ്. അവരെ കണ്ടെത്താനാണ് ശ്രമിക്കേണ്ടത്,'' എന്നും പറഞ്ഞു. പത്മനാഭസ്വാമി ക്ഷേത്രം ഉള്‍പ്പെടെയുള്ള പ്രധാന ക്ഷേത്രങ്ങളിലെ മുതലുകള്‍ മോഷണം പോയിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എന്‍. വാസു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആയിരിക്കുമ്പോള്‍ ക്ഷേത്രങ്ങളിലെ പുരാവസ്തുക്കള്‍ ലേലം ചെയ്യാന്‍ തീരുമാനിച്ചതായും, വിളക്കുകള്‍, വാര്‍പ്പുകള്‍, കിണ്ടികള്‍, മൊന്ത തുടങ്ങിയവ അടിച്ചു മാറ്റാനുള്ള നീക്കത്തിനെതിരെ താന്‍ പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് ശക്തമായി എതിര്‍ത്തിരുന്നുവെന്നും ചെന്നിത്തല ഓര്‍മ്മിപ്പിച്ചു.

പുരാവസ്തുക്കള്‍ അടിച്ചു മാറ്റാനുള്ള ശ്രമം കടകംപള്ളി സുരേന്ദ്രന്‍ ദേവസ്വം മന്ത്രിയായിരുന്ന കാലം മുതല്‍ തുടങ്ങിയതാണെന്നും, ഇതിനു പിന്നില്‍ വന്‍ മാഫിയകളുണ്ടെന്നും അദ്ദേഹം ആരോപിച്ചു. അവരെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ശ്രമിച്ചതെന്നും ചെന്നിത്തല പറഞ്ഞു.

സോണിയാഗാന്ധിയുടെ അടുക്കല്‍ ഉണ്ണികൃഷ്ണന്‍ പോറ്റി എത്തുന്നതിനെക്കുറിച്ച് മുഖ്യമന്ത്രി ചോദിച്ചതിനെതിരെ പ്രതികരിച്ച ചെന്നിത്തല, ''അങ്ങനെയെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ചെവിയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി മന്ത്രിച്ചത് അദ്ദേഹത്തിന് ഇതുമായി ബന്ധമുള്ളതുകൊണ്ടാണോയെന്ന് പറയട്ടെ,'' എന്നും വിമര്‍ശിച്ചു.

''എംഎല്‍എമാര്‍ക്ക് സംസാരിക്കാന്‍ കഴിയാത്ത, സാധാരണക്കാര്‍ക്ക് കാണാന്‍ പോലും കഴിയാത്ത തരത്തില്‍ കനത്ത സുരക്ഷാ വലയത്തില്‍ താമസിക്കുന്നയാളാണ് മുഖ്യമന്ത്രി. അങ്ങനെയുള്ള മുഖ്യമന്ത്രിയുടെ ചെവിയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി സംസാരിക്കുന്നത് അദ്ദേഹത്തോട് അത്ര അടുപ്പമുള്ള വ്യക്തിയാണെന്നതിന് തെളിവാണ്. സോണിയാഗാന്ധിയുടെ അടുക്കല്‍ ആളുകളെ കൊണ്ടുപോകുന്നവര്‍ക്കും ഉത്തരവാദിത്തമുണ്ട്. പിണറായി വിജയനെപ്പോലുള്ള ഒരാള്‍ അത്ര ബാലിശമായി സംസാരിക്കരുത്,'' എന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു

 
Other News in this category

 
 




 
Close Window