തൃശൂര്‍: മറ്റത്തൂര്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ കോണ്‍ഗ്രസിനെയും ബിജെപിയെയും പരിഹസിച്ച് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. 'മറ്റത്തൂരില്‍ കോണ്‍ഗ്രസ് ജനതാ പാര്‍ട്ടി' എന്ന അടിക്കുറിപ്പോടെയും താമരയും കൈപ്പത്തിയും ചേര്‍ന്ന ചിത്രത്തോടെയുമാണ് പോസ്റ്റര്‍ സ്ഥാപിച്ചത്. ഡിവൈഎഫ്‌ഐ മറ്റത്തൂര്‍ മേഖലാ കമ്മിറ്റിയാണ് ബോര്‍ഡ് സ്ഥാപിച്ചത്.
ബിജെപിയെ അധികാരത്തിലെത്തിക്കാന്‍ കോണ്‍ഗ്രസ് നടത്തിയ കൂറുമാറ്റത്തില്‍ പ്രതിഷേധിച്ചാണ് ഫ്‌ലക്‌സ് ബോര്‍ഡ് സ്ഥാപിച്ചതെന്ന് ഡിവൈഎഫ്‌ഐ വ്യക്തമാക്കി. പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുമ്പായി കോണ്‍ഗ്രസ് അംഗങ്ങള്‍ ഒന്നടങ്കം പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് ബിജെപിയുമായി ചേര്‍ന്ന് കോണ്‍ഗ്രസ് വിമതയായ ടെസി ജോസ് കല്ലറയ്ക്കലിനെ സ്ഥാനാര്‍ത്ഥിയാക്കി വിജയിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ തവണ പ്രതിപക്ഷ നേതാവായിരുന്ന ഔസേഫിനെ സിപിഎം സ്വാധീനിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് കോണ്‍ഗ്രസ് വിട്ട അംഗമായ അതുല്‍ കൃഷ്ണ ആരോപിച്ചു. 25 വര്‍ഷം ഭരിച്ച സിപിഎം കോണ്‍ഗ്രസിലെ ഔസേഫിനെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി കൊണ്ടുവന്നതാണെന്നും, സിപിഎം അദ്ദേഹത്തെ 'പര്‍ച്ചേസ്' ചെയ്തതാണെന്നും അദ്ദേഹം ആരോപിച്ചു.
24 അംഗ പഞ്ചായത്തില്‍ ബിജെപി-കോണ്‍ഗ്രസ് സഖ്യ സ്ഥാനാര്‍ത്ഥി 12 വോട്ടുകള്‍ നേടി വിജയിച്ചു. എല്‍ഡിഎഫ് പിന്തുണച്ച സ്ഥാനാര്‍ത്ഥി കെ. ഒ. ഔസേഫിന് 11 വോട്ടുകള്‍ ലഭിച്ചു. ഒരുവോട്ട് അസാധുവായി. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ബിജെപി പിന്തുണയോടെ കോണ്‍ഗ്രസ് അംഗം പി. യു. നൂര്‍ജഹാന്‍ 13 വോട്ടുകള്‍ നേടി വിജയിച്ചു.
പഞ്ചായത്തിലെ കക്ഷിനില: എല്‍ഡിഎഫ് - 10, യുഡിഎഫ് - 8, ബിജെപി - 4, സ്വതന്ത്രര്‍ - 2