Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6813 INR  1 EURO=109.541 INR
ukmalayalampathram.com
Wed 23rd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ശിവഗിരി തീര്‍ത്ഥാടന മഹാസമ്മേളനത്തില്‍ പിണറായി-സിദ്ധരാമയ്യ ഒരുമിച്ച്
reporter

തിരുവനന്തപുരം: ബുള്‍ഡോസര്‍ രാജ് വിവാദങ്ങള്‍ക്കിടെ, മുഖ്യമന്ത്രി പിണറായി വിജയനും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ശിവഗിരി തീര്‍ത്ഥാടന മഹാസമ്മേളനത്തിന്റെ ഉദ്ഘാടന വേദിയില്‍ ഒന്നിച്ചു. സിദ്ധരാമയ്യയോട് ഹസ്തദാനം ചെയ്ത് കുശലം പറഞ്ഞ ശേഷം പിണറായി വിജയന്‍ ഉപഹാരം സമ്മാനിക്കുകയും ചെയ്തു. വിവാദങ്ങള്‍ക്ക് ശേഷം ഇരുവരും ഒരുമിച്ച് പങ്കെടുക്കുന്ന ആദ്യ ചടങ്ങായിരുന്നു ഇത്.

ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍, ശ്രീനാരായണ ദര്‍ശനങ്ങളെ വക്രീകരിച്ച് ഹൈജാക്ക് ചെയ്യാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അതിനെതിരെ ജാഗ്രത പാലിക്കണമെന്നും പറഞ്ഞു. ഗുരുവിനെ ഒരു ജാതിയുടേയോ മതത്തിന്റേയോ അതിരുകള്‍ക്കുള്ളില്‍ തളച്ചിടാന്‍ ശ്രമിക്കുന്ന നീക്കങ്ങള്‍ക്കെതിരെ സമൂഹം മുന്നോട്ടു വരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആധുനിക കേരളത്തിന്റെ സൃഷ്ടിയില്‍ ഗുരുവിന്റെ ദര്‍ശനങ്ങള്‍ വലിയ സ്വാധീനം ചെലുത്തിയതായി മുഖ്യമന്ത്രി പറഞ്ഞു. ലൈഫ്, ആര്‍ദ്രം പദ്ധതികള്‍ ഗുരു ചൂണ്ടിക്കാട്ടിയ സഹജീവിയോടുള്ള കരുതലിന്റെ ഭാഗമാണെന്നും കൃഷി, ശാസ്ത്ര സാങ്കേതിക മുന്നേറ്റം എന്നിവയില്‍ ഗുരുവിന്റെ സന്ദേശങ്ങള്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പഴയ ചാതുര്‍വര്‍ണ്യ വ്യവസ്ഥയെ പുനഃസ്ഥാപിക്കാനുള്ള രാഷ്ട്രീയ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും, ഒരു മതത്തിന്റെ രാഷ്ട്രമെന്ന ആശയം ഗുരുവിന്റെ വചനങ്ങളുമായി പൊരുത്തപ്പെടില്ലെന്നും പിണറായി വിജയന്‍ വ്യക്തമാക്കി. ഇത്തരം നീക്കങ്ങളെ പിന്തുണയ്ക്കുന്നവര്‍ ഗുരുനിന്ദ ചെയ്യുന്നവരാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

ബ്രാഹ്‌മണ്യത്തെ വെല്ലുവിളിച്ചുകൊണ്ടാണ് ജാതി വ്യവസ്ഥയുടെ ചൂഷണ ഘടന തകര്‍ന്നതെന്നും, ശ്രീനാരായണ ചിന്ത അതിന്റെ ആയുധമായിരുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ചടങ്ങില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ മുഖ്യാതിഥിയായിരുന്നു. പ്രസംഗത്തിന് ശേഷം ഉപഹാരം നല്‍കി പിണറായി വിജയന്‍ വേദി വിട്ടു. മന്ത്രിസഭാ യോഗം ഉണ്ടായതിനാല്‍ സിദ്ധരാമയ്യയുടെ പ്രസംഗം കേള്‍ക്കാന്‍ കഴിയാത്തതായും അദ്ദേഹം വ്യക്തമാക്കി. മന്ത്രി വി.എന്‍. വാസവന്‍, സിപിഎം ജില്ലാ സെക്രട്ടറി വി. ജോയി, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

കര്‍ണാടകയിലെ യെലഹങ്കയിലെ ബുള്‍ഡോസര്‍ രാജിനെ നേരത്തെ പിണറായി വിജയന്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു

 
Other News in this category

 
 




 
Close Window