Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6813 INR  1 EURO=109.541 INR
ukmalayalampathram.com
Wed 23rd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
വി.എസ്. അച്യൂതാനന്ദന്‍ മരണാനന്തരമായി പത്മവിഭൂഷണ്‍; ഇടത് നേതാക്കളുടെ നിലപാട് വീണ്ടും ചര്‍ച്ചയിലേക്ക്
reporter

തിരുവനന്തപുരം: ഇന്ത്യയില്‍ ആദ്യമായി ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് രാജ്യത്തെ രണ്ടാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതി ലഭിക്കാന്‍ പോകുന്നു. അന്തരിച്ച സിപിഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്. അച്യൂതാനന്ദന് പത്മവിഭൂഷണ്‍ പുരസ്‌കാരം പ്രഖ്യാപിച്ചതോടെ, പരമോന്നത സിവിലിയന്‍ ബഹുമതികളോട് ഇടത് നേതാക്കള്‍ സ്വീകരിച്ചിരുന്ന പഴയ നിലപാടുകള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്.

കാലങ്ങളായി സിവിലിയന്‍ പുരസ്‌കാരങ്ങള്‍ നിരസിക്കുന്ന പതിവായിരുന്നു സിപിഎം നേതാക്കള്‍ സ്വീകരിച്ചിരുന്നത്. പത്മവിഭൂഷണ്‍ മുതല്‍ ഭാരതരത്ന വരെ നിരസിച്ച സംഭവങ്ങള്‍ ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തില്‍ വിഎസിന് ലഭിച്ച ബഹുമതി നിര്‍ണായകമാണെന്ന വിലയിരുത്തലും ഉയര്‍ന്നു.

കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയായ ഇ.എം.എസ്. നമ്പൂതിരിപ്പാട് നരസിംഹ റാവു സര്‍ക്കാരിന്റെ കാലത്ത് ലഭിച്ച പത്മവിഭൂഷണ്‍ നിരസിച്ച ആദ്യ സിപിഎം നേതാവായിരുന്നു. 1996-ല്‍ ജ്യോതി ബസുവിന് ഭാരതരത്ന നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും, സ്വീകരിക്കേണ്ടതില്ലെന്ന നിലപാടാണ് അദ്ദേഹം എടുത്തത്. ഹര്‍കിഷന്‍ സിങ് സുര്‍ജിത്തിനെയും പത്മവിഭൂഷണിന് പരിഗണിച്ചിരുന്നെങ്കിലും, സിപിഎം നിരസിച്ചു. 2022-ല്‍ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യയ്ക്കും പത്മഭൂഷണ്‍ നല്‍കിയപ്പോള്‍ അദ്ദേഹം നിരസിച്ചു.

പുരസ്‌കാരങ്ങള്‍ക്കായല്ല കമ്മ്യൂണിസ്റ്റുകാരുടെ പ്രവര്‍ത്തനമെന്നും ഭരണകൂടങ്ങളുടെ ബഹുമതികള്‍ സ്വീകരിക്കേണ്ടതില്ലെന്നുമാണ് സിപിഎം നേതാക്കള്‍ ഉയര്‍ത്തിപ്പിടിച്ചിരുന്ന നിലപാട്. എന്നാല്‍, മരണാനന്തര ബഹുമതിയായി വി.എസ്. അച്യൂതാനന്ദന്‍ പത്മവിഭൂഷണ്‍ ലഭിക്കുമ്പോള്‍ പാര്‍ട്ടി ഇതുവരെ ഔദ്യോഗിക നിലപാട് വ്യക്തമാക്കിയിട്ടില്ല.

പുരസ്‌കാരത്തോട് പ്രതികരിച്ച വിഎസിന്റെ കുടുംബം കേന്ദ്ര സര്‍ക്കാര്‍ നടപടിയെ അംഗീകാരമായി കാണുന്നു. 'ദശാബ്ദങ്ങളായി നീണ്ട പൊതുപ്രവര്‍ത്തനത്തിന് രാജ്യം നല്‍കുന്ന ആദരത്തില്‍ മകന്‍ എന്ന നിലയില്‍ വലിയ അഭിമാനമുണ്ട്,' എന്ന് വിഎസിന്റെ മകന്‍ വി.എ. അരുണ്‍കുമാര്‍ പ്രതികരിച്ചു.

കേരളത്തിലെ സാധാരണക്കാരായ ജനങ്ങള്‍ക്കായി, പരിസ്ഥിതിക്കായി, സ്ത്രീകളുടെ നീതിക്കായി വിഎസ് നടത്തിയ പോരാട്ടങ്ങളാണ് അദ്ദേഹത്തിന്റെ ജീവിതരേഖയെന്നും, അവയ്‌ക്കൊന്നും അദ്ദേഹം ഒരിക്കലും പുരസ്‌കാരം പ്രതീക്ഷിച്ചിരുന്നില്ലെന്നും അരുണ്‍കുമാര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 'അച്ഛന്റെ യഥാര്‍ത്ഥ 'പത്മം' പതിറ്റാണ്ടുകളായി ജനങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്ന സ്‌നേഹവും വിശ്വാസവുമാണ്,' എന്നും അദ്ദേഹം പോസ്റ്റില്‍ വ്യക്തമാക്കി

 
Other News in this category

 
 




 
Close Window