Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.471 INR  1 EURO=107.2386 INR
ukmalayalampathram.com
Fri 26th Jun 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ശബരിമല സ്വര്‍ണക്കൊള്ള കേസ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹര്‍ജിയില്‍ ഹൈക്കോടതി ചോദ്യങ്ങള്‍
reporter

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജിയില്‍ ഹര്‍ജിക്കാരോട് ചോദ്യങ്ങളുമായി ഹൈക്കോടതി. 'ഏത് കേസിലാണ് സിബിഐ മികച്ച രീതിയില്‍ അന്വേഷണം നടത്തിയതെന്നും അടുത്തകാലത്ത് തെളിയിച്ച അഞ്ച് കേസുകളുടെ നമ്പര്‍ പറയൂവെന്നും' കോടതി ആവശ്യപ്പെട്ടു.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, വിശ്വഹിന്ദു പരിഷത്ത് ഉള്‍പ്പെടെയുള്ളവര്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. പ്രത്യേക അന്വേഷണസംഘത്തിന്റെ അന്വേഷണം ശരിയായ ദിശയില്‍ അല്ലെന്നും, കുറ്റക്കാരെ കണ്ടെത്താന്‍ രാഷ്ട്രീയ ഇടപെടലുകള്‍ ഇല്ലാത്ത അന്വേഷണം വേണമെന്നുമായിരുന്നു ഹര്‍ജിയിലെ വാദം.

ഹര്‍ജി പരിഗണിക്കുന്നതിനിടെ എന്തുകൊണ്ടാണ് കേന്ദ്ര ഏജന്‍സിയെ ആവശ്യപ്പെട്ടതെന്ന് കോടതി ചോദിച്ചു. 'നിയമങ്ങളെക്കുറിച്ച് കൃത്യമായി അറിഞ്ഞിരിക്കണം,' എന്നും കോടതി ഓര്‍മ്മിപ്പിച്ചു. മുമ്പ് ഹര്‍ജി പരിഗണിക്കുമ്പോള്‍ എസ്‌ഐടി അന്വേഷണം ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലാണെന്നും, അന്വേഷണം എങ്ങനെയാണ് മുന്നോട്ടുപോകുന്നതെന്ന് ദേവസ്വം ബെഞ്ചിന് അറിയാമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

തിരുവിതാംകൂര്‍-കൊച്ചി മതസ്ഥാപന നിയമത്തിലെ വ്യവസ്ഥകളും കോടതി ചൂണ്ടിക്കാട്ടി. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ഹൈക്കോടതി ഒരുമിച്ച് പരിഗണിക്കും. മറുപടി സത്യവാങ്മൂലം ലഭിച്ച ശേഷം വാദം കേള്‍ക്കാമെന്നും കോടതി അറിയിച്ചു. ജസ്റ്റിസുമാരായ രാജാ വിജയരാഘവന്‍, കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

അതേസമയം, ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്നെ പ്രതിയാക്കിയതിനെതിരെ ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ദ്വാരപാലക സ്വര്‍ണപ്പാളി കേസില്‍ ഒമ്പതാം പ്രതിയും കട്ടിളപ്പാളി കേസില്‍ പന്ത്രണ്ടാം പ്രതിയുമാണ് അദ്ദേഹം. ജസ്റ്റിസ് എ. ബദറുദീന്‍ ആണ് ഹര്‍ജിയില്‍ വിധി പ്രസ്താവിച്ചത്

 
Other News in this category

 
 




 
Close Window