Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6813 INR  1 EURO=109.541 INR
ukmalayalampathram.com
Wed 23rd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്: ആഗോള സംഗമ കണക്കുകളില്‍ പിഴവ്, തിരുത്തലിന് ടാസ്‌ക് ഫോഴ്സ്
reporter

പത്തനംതിട്ട: ആഗോള സംഗമത്തിന്റെ കണക്കുകളില്‍ പിഴവുണ്ടായതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സമ്മതിച്ചു. ഓഡിറ്റ് റിപ്പോര്‍ട്ട് ബോര്‍ഡ് യോഗം വിശദമായി പരിശോധിച്ചെങ്കിലും, സമയപരിധി പാലിക്കേണ്ടതിനാല്‍ സത്യവാങ്മൂലം നല്‍കാതെ ഓഡിറ്റ് റിപ്പോര്‍ട്ട് മാത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചത്. അന്തിമ റിപ്പോര്‍ട്ടായി ഇതിനെ ബോര്‍ഡ് കരുതുന്നില്ലെന്നും, കൂടുതല്‍ തിരുത്തലുകള്‍ വരുത്തേണ്ടതുണ്ടെന്നും പ്രസിഡന്റ് കെ. ജയകുമാര്‍ വ്യക്തമാക്കി.

ഓഡിറ്ററുമായി കൃത്യമായ ആശയവിനിമയം ഉണ്ടായില്ലെന്നതാണ് പ്രശ്‌നത്തിന് കാരണമായത്. ഓഡിറ്ററുടെ ചോദ്യങ്ങള്‍ക്ക് ബോര്‍ഡില്‍ നിന്നും സമയോചിതമായ മറുപടി ലഭിക്കാത്തതിനാല്‍ പ്രതികൂല പരാമര്‍ശങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടുവെന്ന് ജയകുമാര്‍ പറഞ്ഞു. ബില്ലുകള്‍ പരിശോധിക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ ബോര്‍ഡിനുള്ളില്‍ തന്നെ ശക്തമായി നടപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ മാസം 27-ന് കേസ് പരിഗണിക്കുന്നതിനാല്‍, അതിനു മുമ്പ് യുദ്ധകാലാടിസ്ഥാനത്തില്‍ തിരുത്തലുകള്‍ നടത്താന്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു. ഇതിനായി ദേവസ്വം കമ്മീഷണര്‍, അക്കൗണ്ട്‌സ് ഓഫീസര്‍, ചീഫ് എഞ്ചിനീയര്‍ എന്നിവരെ ഉള്‍പ്പെടുത്തി ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചു. ഓഡിറ്ററുമായി ചര്‍ച്ച നടത്തി റിപ്പോര്‍ട്ടിലെ പിഴവുകള്‍ തിരുത്തുകയും, കരാര്‍ എടുത്തവരുമായി ആശയവ്യക്തത വരുത്തുകയും ചെയ്യും.

അയ്യപ്പ സംഗമത്തിന്റെ ചെലവ് 4.99 കോടിയായി നിജപ്പെടുത്താന്‍ ബോര്‍ഡ് തീരുമാനിച്ചു. കരാര്‍ എടുത്തവര്‍ 7.11 കോടി ചെലവായതായി പറഞ്ഞിട്ടുണ്ടെങ്കിലും, ബോര്‍ഡ് 4.99 കോടിയേ നല്‍കാനാകൂ എന്ന് വ്യക്തമാക്കിയിട്ടുണ്ട്. അഡ്വാന്‍സായി നല്‍കിയ 3 കോടി രൂപ സ്പോണ്‍സര്‍ഷിപ്പ് ലഭിച്ചതോടെ ബോര്‍ഡിന്റെ അക്കൗണ്ടിലേക്ക് തിരികെ എത്തിയിട്ടുണ്ട്. ഇതുവരെ 3.85 കോടി രൂപ സ്പോണ്‍സര്‍ഷിപ്പായി ലഭിച്ചിട്ടുണ്ടെങ്കിലും, ഒരുകോടിയിലേറെ രൂപയുടെ കുറവ് തുടരുന്നു. അദാനി നല്‍കാമെന്ന് പറഞ്ഞ ഒരു കോടി രൂപ ലഭിക്കാനുണ്ട്.

ദേവസ്വം ബോര്‍ഡിന്റെ ഒരു രൂപ പോലും സംഗമത്തിന് വേണ്ടി ഉപയോഗിക്കില്ലെന്നും, പുതുക്കിയ ഓഡിറ്റ് റിപ്പോര്‍ട്ടും സ്റ്റേറ്റ്മെന്റ് ഓഫ് അക്കൗണ്ട്‌സും 26-ന് കോടതിയില്‍ സമര്‍പ്പിക്കുമെന്നും പ്രസിഡന്റ് കെ. ജയകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു

 
Other News in this category

 
 




 
Close Window