Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.3317 INR  1 EURO=107.2271 INR
ukmalayalampathram.com
Thu 25th Jun 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
കെപിസിസിക്ക് പുതിയ അധ്യക്ഷനെ കണ്ടെത്താന്‍ കോണ്‍ഗ്രസ്; ബെന്നി ബഹനാന്‍ മുന്നില്‍
reporter

കോട്ടയം: പുതിയ യു.ഡി.എഫ് മന്ത്രിസഭ അധികാരമേല്‍ക്കുകയും വകുപ്പുവിഭജനം പൂര്‍ത്തിയാകുകയും ചെയ്തതോടെ കെപിസിസിക്ക് പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം തുടക്കം കുറിക്കുന്നു. നിലവിലെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് മുഖ്യമന്ത്രി വി.ഡി. സതീശന്‍ നേതൃത്വം നല്‍കുന്ന മന്ത്രിസഭയില്‍ അംഗമായതോടെയാണ് പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കേണ്ട സാഹചര്യം രൂപപ്പെട്ടത്. മൂന്ന് വര്‍ക്കിംഗ് പ്രസിഡന്റുമാരില്‍ രണ്ടുപേരും മന്ത്രിമാരായ സാഹചര്യത്തില്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തില്‍ വലിയ അഴിച്ചുപണിക്കാണ് ഹൈക്കമാന്‍ഡ് ഒരുങ്ങുന്നത്. പുതിയ വര്‍ക്കിംഗ് പ്രസിഡന്റുമാരെ നിശ്ചയിക്കുന്നതിനൊപ്പം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളിലും മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചന. സാമൂഹിക, സമുദായ സന്തുലനവും ഗ്രൂപ്പ് സമവാക്യങ്ങളും പരിഗണിച്ച് പുതിയ അധ്യക്ഷനെ കണ്ടെത്തുക എന്നതാണ് ഹൈക്കമാന്‍ഡിന് മുന്നിലുള്ള പ്രധാന വെല്ലുവിളി. നിലവില്‍ പുറത്തുവരുന്ന വിവരങ്ങള്‍ പ്രകാരം മുതിര്‍ന്ന നേതാവും എം.പിയുമായ ബെന്നി ബഹനാനാണ് കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് മുന്‍നിരയില്‍.

മുന്‍ യു.ഡി.എഫ് കണ്‍വീനര്‍, കെപിസിസി ജനറല്‍ സെക്രട്ടറി, തൃശൂര്‍ ഡി.സി.സി പ്രസിഡന്റ്, എ.ഐ.സി.സി അംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ബെന്നി ബഹനാന്‍ എ ഗ്രൂപ്പിലെ മുതിര്‍ന്ന നേതാവാണ്. പാര്‍ട്ടിയിലെ വിവിധ വിഭാഗങ്ങളുമായും മുതിര്‍ന്ന നേതാക്കളുമായും നല്ല വ്യക്തിബന്ധമുള്ളത് അദ്ദേഹത്തിന് അനുകൂല ഘടകമായി വിലയിരുത്തപ്പെടുന്നു. വി.ഡി. സതീശന്‍ മുഖ്യമന്ത്രിയായി ഉയര്‍ന്നുവന്ന പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ പാര്‍ട്ടിയെ സമവായത്തോടെ മുന്നോട്ട് നയിക്കാന്‍ ബെന്നി ബഹനാനാകും എന്ന നിലപാടിലാണ് ഒരു വിഭാഗം നേതാക്കള്‍. യാക്കോബായ സമുദായാംഗമായ അദ്ദേഹത്തിന് സാമുദായിക സമവാക്യങ്ങളും അനുകൂലമാണെന്നാണ് വിലയിരുത്തല്‍. ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനായിരുന്ന ബെന്നിക്ക് കെ.സി. വേണുഗോപാലിന്റെ പിന്തുണയും ലഭിക്കുമെന്നാണ് പ്രതീക്ഷ.

കൊടിക്കുന്നില്‍ സുരേഷും സജീവം

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് മാവേലിക്കര എം.പി കൊടിക്കുന്നില്‍ സുരേഷും ശക്തമായി രംഗത്തുണ്ട്. സംസ്ഥാനത്ത് ഒരു ദലിത് നേതാവിനെ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരാനാണ് ഹൈക്കമാന്‍ഡ് മുന്‍ഗണന നല്‍കുന്നതെങ്കില്‍ കൊടിക്കുന്നിലിന് സാധ്യത കൂടുതലാകും. എ.ഐ.സി.സി നേതൃത്വവുമായി അദ്ദേഹത്തിനുള്ള അടുത്ത ബന്ധവും അനുകൂല ഘടകമാണ്. കഴിഞ്ഞ തവണ സണ്ണി ജോസഫ് അധ്യക്ഷനായപ്പോള്‍ അവസാനഘട്ടം വരെ കൊടിക്കുന്നില്‍ സുരേഷിന്റെ പേരും സജീവമായി പരിഗണിക്കപ്പെട്ടിരുന്നു. ഇത്തവണയും അദ്ദേഹത്തിന്റെ പേര് ഗൗരവമായി ചര്‍ച്ചയിലുണ്ടെന്നാണ് വിവരം.

ഗ്രൂപ്പ് സമവാക്യങ്ങളും സമ്മര്‍ദങ്ങളും

ഇവര്‍ക്കു പുറമെ രമേശ് ചെന്നിത്തലയുടെ പിന്തുണയോടെ ഐ ഗ്രൂപ്പിന്റെ പ്രതിനിധിയായി ജോസഫ് വാഴക്കനും രംഗത്തുണ്ട്. കഴിഞ്ഞ തവണ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട ആന്റോ ആന്റണി, കത്തോലിക്കാ സഭയുടെ പിന്തുണയോടെ കെപിസിസി ജനറല്‍ സെക്രട്ടറിയും മുന്‍ കോട്ടയം ഡി.സി.സി പ്രസിഡന്റുമായ ടോമി കല്ലാനി എന്നിവരും പദവിക്കായി സമ്മര്‍ദം ചെലുത്തുന്നുണ്ട്. തിരഞ്ഞെടുപ്പിന് മുന്‍പ് വര്‍ക്കിംഗ് പ്രസിഡന്റായ ഷാഫി പറമ്പിലിന്റെ പേരും സജീവമായി ഉയര്‍ന്നിരുന്നെങ്കിലും നിലവിലെ സമുദായ സന്തുലന സാഹചര്യത്തില്‍ അദ്ദേഹത്തിനുള്ള സാധ്യത കുറഞ്ഞതായാണ് വിലയിരുത്തല്‍.

മുതിര്‍ന്ന നേതാക്കള്‍, മുന്‍ കെപിസിസി പ്രസിഡന്റുമാര്‍, മുഖ്യമന്ത്രി വി.ഡി. സതീശന്‍ എന്നിവരുമായി കൂടിയാലോചന നടത്തിയ ശേഷമായിരിക്കും ഹൈക്കമാന്‍ഡ് അന്തിമ തീരുമാനം എടുക്കുക. കെപിസിസി പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള ഔദ്യോഗിക നടപടികള്‍ എ.ഐ.സി.സി ഉടന്‍ ആരംഭിക്കുമെന്നാണ് സൂചന. ഇതിന് മുന്നോടിയായി കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി സംസ്ഥാനത്തെത്തി എ.കെ. ആന്റണി, വി.എം. സുധീരന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി സമവായത്തിന് ശ്രമിച്ചേക്കും.

 
Other News in this category

 
 




 
Close Window