Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.3317 INR  1 EURO=107.2271 INR
ukmalayalampathram.com
Thu 25th Jun 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി രത്തന്‍ ഖേല്‍ക്കര്‍; നിയമനത്തെ വിമര്‍ശിച്ച് പി. രാജീവ്
reporter

കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശന്റെ സെക്രട്ടറിയായി രത്തന്‍ ഖേല്‍ക്കര്‍ ഐ.എ.എസിനെ നിയമിച്ചതിനെ വിമര്‍ശിച്ച് സി.പി.എം നേതാവും മുന്‍ മന്ത്രിയുമായ പി. രാജീവ്. കേരളത്തില്‍ ചീഫ് ഇലക്ടറല്‍ ഓഫീസറായിരുന്ന ഉദ്യോഗസ്ഥനെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചത് വളരെ ഗൗരവമേറിയ വിഷയമാണെന്നും കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഇതില്‍ നിലപാട് വ്യക്തമാക്കണമെന്നും പി. രാജീവ് ആവശ്യപ്പെട്ടു. ബംഗാളില്‍ ചീഫ് ഇലക്ടറല്‍ ഓഫീസറായിരുന്ന ഉദ്യോഗസ്ഥനെ ചീഫ് സെക്രട്ടറിയായി നിയമിച്ചതിനെ രാഹുല്‍ ഗാന്ധി നേരത്തെ വിമര്‍ശിച്ചിരുന്നു. ''വലിയ കൊള്ളയ്ക്ക് വലിയ പ്രതിഫലം'' എന്നായിരുന്നു രാഹുലിന്റെ പ്രതികരണമെന്ന് പി. രാജീവ് ചൂണ്ടിക്കാട്ടി. ബംഗാളില്‍ ബി.ജെ.പിയുടെ വലിയ വിജയത്തിന് പിന്നില്‍ വന്‍ ക്രമക്കേട് നടന്നുവെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആരോപണം. അതാണ് കോണ്‍ഗ്രസിന്റെ നിലപാടെങ്കില്‍, കേരളത്തിലെ ഈ നിയമനത്തെ എങ്ങനെ ന്യായീകരിക്കുമെന്നാണ് പി. രാജീവിന്റെ ചോദ്യം.

തെരഞ്ഞെടുപ്പ് ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥനെ തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടന്‍ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചിരിക്കുകയാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. സാധാരണ നിലയില്‍ ഇത്തരം നിയമനങ്ങള്‍ക്ക് മുമ്പ് ഒരു കൂളിങ് പീരിയഡ് എങ്കിലും ആവശ്യമാണെന്നും തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ വിശ്വാസ്യത ഉറപ്പുവരുത്തുക എന്നത് പ്രധാനമാണെന്നും പി. രാജീവ് പറഞ്ഞു. ചീഫ് ഇലക്ടറല്‍ ഓഫീസറായി നിയമിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ മറ്റു പദവികളില്‍ നിന്ന് ഒഴിവാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെടാറുണ്ട്. അത്തരമൊരു പദവി വഹിച്ചയാളെ തെരഞ്ഞെടുപ്പിന് പിന്നാലെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചത് രാഹുല്‍ ഗാന്ധിയുടെ മുന്‍ പ്രസ്താവനകളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ ഗൗരവമുള്ള കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിലെ നിയമനത്തില്‍ കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വവും രാഹുല്‍ ഗാന്ധിയും നിലപാട് വ്യക്തമാക്കണമെന്ന് പി. രാജീവ് ആവശ്യപ്പെട്ടു. ബംഗാളില്‍ എടുത്ത നിലപാട് തന്നെയാണോ കേരളത്തിലും കോണ്‍ഗ്രസിനുള്ളതെന്ന് ജനങ്ങളോട് പറയേണ്ടത് കോണ്‍ഗ്രസ് നേതൃത്വമാണെന്നും അദ്ദേഹം പറഞ്ഞു. ബംഗാള്‍ ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്ന സാഹചര്യങ്ങള്‍ ഉയരുന്നുണ്ട്. അത്തരമൊരു ഘട്ടത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ മുമ്പ് ഉന്നയിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ഇത്തരമൊരു നിയമനം എങ്ങനെ നടപ്പാക്കിയെന്ന് ദേശീയ നേതൃത്വം വ്യക്തമാക്കണമെന്നും പി. രാജീവ് അഭിപ്രായപ്പെട്ടു. അതേസമയം, രത്തന്‍ ഖേല്‍ക്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയാക്കിയതിനെതിരെ ഇടത് അനുകൂലികള്‍ സമൂഹമാധ്യമങ്ങളിലും വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

 
Other News in this category

 
 




 
Close Window