Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.0574 INR  1 EURO=109.878 INR
ukmalayalampathram.com
Thu 06th Aug 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
സ്വകാര്യദൃശ്യം സമൂഹമാധ്യമത്തില്‍ ഇടുമെന്ന് ഭീഷണിപ്പെടുത്തുന്നത് ക്രിമിനല്‍ ഭീഷണി: സുപ്രീംകോടതി
reporter

ന്യൂഡല്‍ഹി: സ്ത്രീയുടെ സ്വകാര്യദൃശ്യം സമൂഹമാധ്യമത്തില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നത് ക്രിമിനല്‍ ഭീഷണിയുടെ പരിധിയില്‍ വരുമെന്ന് സുപ്രീംകോടതി. മദ്രാസ് ഹൈക്കോടതി ശരിവെച്ച ശിക്ഷയ്‌ക്കെതിരെ തമിഴ്‌നാട് സ്വദേശി നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസുമാരായ സഞ്ജയ് കരോള്‍, എന്‍.കെ. സിങ് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റെ നിരീക്ഷണം. വിവാഹത്തിന് നിര്‍ബന്ധിച്ചാല്‍ കുളിമുറി ദൃശ്യം ഫെയ്‌സ്ബുക്കില്‍ അപ്ലോഡ് ചെയ്യുമെന്നായിരുന്നു പ്രതിയുടെ ഭീഷണി. രണ്ടുവര്‍ഷത്തോളം ബന്ധത്തിലുണ്ടായിരുന്ന യുവതിയും പ്രതിയും തമ്മില്‍ ബന്ധം തകര്‍ന്നതിനെ തുടര്‍ന്നാണ് പരാതി നല്‍കിയത്. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാരോപിച്ചും യുവതി പരാതി നല്‍കിയിരുന്നു. എന്നാല്‍ ബന്ധം പരസ്പര സമ്മതത്തോടെയായിരുന്നുവെന്ന് വിലയിരുത്തി ബലാത്സംഗക്കുറ്റം കോടതി ഒഴിവാക്കി.

അതേസമയം, സ്വകാര്യദൃശ്യം ഉപയോഗിച്ച് യുവതിയെ ഭീഷണിപ്പെടുത്തിയതില്‍ വിചാരണക്കോടതി പ്രതിയെ കുറ്റക്കാരനായി കണ്ടെത്തി. ഈ ശിക്ഷ ചോദ്യം ചെയ്ത് പ്രതി ആദ്യം മദ്രാസ് ഹൈക്കോടതിയെയും പിന്നീട് സുപ്രീംകോടതിയെയും സമീപിക്കുകയായിരുന്നു. ഹൈക്കോടതി ഉത്തരവില്‍ ഇടപെടാന്‍ വിസമ്മതിച്ച സുപ്രീംകോടതി, സ്വകാര്യവും അപമാനകരവുമായ ദൃശ്യം പ്രചരിപ്പിക്കുമെന്ന ഭീഷണി തന്നെ ക്രിമിനല്‍ ഭീഷണിയായി കാണാമെന്ന് വ്യക്തമാക്കി.

ദൃശ്യങ്ങള്‍ അടങ്ങിയ ഫോണ്‍ അല്ലെങ്കില്‍ വീഡിയോ പൊലീസ് കണ്ടെടുത്തിട്ടില്ലെന്ന വാദവും കോടതി തള്ളി. ഭീഷണി ഉയര്‍ത്തിയതും അതിലൂടെ സ്ത്രീയെ ഭയപ്പെടുത്തുകയോ സമ്മര്‍ദ്ദത്തിലാക്കുകയോ ചെയ്യാനുള്ള ഉദ്ദേശം തെളിയുന്നതുമാണ് പ്രധാനമെന്ന് കോടതി നിരീക്ഷിച്ചു. സ്വകാര്യതയും മാനവും ലംഘിക്കപ്പെടുമെന്ന ഭയം സൃഷ്ടിക്കുന്ന ഇത്തരം പ്രവൃത്തികള്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ക്രിമിനല്‍ ഭീഷണി വ്യവസ്ഥകള്‍ക്ക് കീഴില്‍ ശിക്ഷാര്‍ഹമാണെന്നും കോടതി വ്യക്തമാക്കി. സ്ത്രീകളുടെ സ്വകാര്യതയും ഡിജിറ്റല്‍ സുരക്ഷയും സംബന്ധിച്ച കേസുകളില്‍ സുപ്രീംകോടതിയുടെ ഈ നിരീക്ഷണം ഏറെ പ്രധാനപ്പെട്ടതാണ്. സ്വകാര്യദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന ഭീഷണി യഥാര്‍ഥത്തില്‍ വീഡിയോ പുറത്തുവിട്ടശേഷം മാത്രമല്ല, ഭീഷണി ഘട്ടത്തില്‍ത്തന്നെ നിയമപരമായി ഗുരുതര കുറ്റമായി കണക്കാക്കാമെന്ന സന്ദേശമാണ് വിധി നല്‍കുന്നത്.

 
Other News in this category

 
 




 
Close Window