Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.6677 INR  1 EURO=110.6807 INR
ukmalayalampathram.com
Thu 16th Jul 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
സംസ്ഥാനത്ത് നിപ വ്യാപനമില്ല; പരിശോധനാ ഫലങ്ങളെല്ലാം നെഗറ്റീവ്: ആരോഗ്യമന്ത്രി
reporter

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവില്‍ നിപ വൈറസ് വ്യാപനമില്ലെന്നും ഇതുവരെ ലഭിച്ച പരിശോധനാ ഫലങ്ങളെല്ലാം നെഗറ്റീവ് ആണെന്നും ആരോഗ്യമന്ത്രി കെ. മുരളീധരന്‍ അറിയിച്ചു. നിപ പ്രതിരോധവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ശക്തമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും നിലവിലെ സാഹചര്യത്തെ പ്രതിപക്ഷം രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്ക് ആയുധമാക്കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിപയുമായി ബന്ധപ്പെട്ട് നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി വ്യക്തമാക്കി. ഹൈ റിസ്‌ക് വിഭാഗത്തില്‍പ്പെട്ട മൂന്നുപേരുടെ ഉള്‍പ്പെടെയുള്ള പരിശോധനാ ഫലങ്ങള്‍ നെഗറ്റീവായി ലഭിച്ചിട്ടുണ്ട്. നിലവില്‍ ഒരാള്‍ മാത്രമാണ് വെന്റിലേറ്ററില്‍ ചികിത്സയില്‍ തുടരുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല. സംശയാസ്പദമായ എല്ലാ കേസുകളും സര്‍ക്കാര്‍ കൃത്യമായി പരിശോധിക്കുന്നുണ്ടെന്നും ഒരു കേസും പരിശോധിക്കാതെ വിടുന്നില്ലെന്നും മന്ത്രി പറഞ്ഞു.

നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളെ രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള പ്രതിപക്ഷത്തിന്റെ നീക്കം ദൗര്‍ഭാഗ്യകരമാണെന്നും മന്ത്രി വിമര്‍ശിച്ചു. ''വീണുകിട്ടിയ രാഷ്ട്രീയ ആയുധം പോലെയാണ് പ്രതിപക്ഷം ഈ വിഷയത്തെ കൈകാര്യം ചെയ്യുന്നത്. പ്രതിസന്ധി ഘട്ടത്തില്‍ ഇത്തരമൊരു സമീപനം തികച്ചും ദൗര്‍ഭാഗ്യകരമാണ്,'' മന്ത്രി പറഞ്ഞു. ആരോഗ്യവകുപ്പ് മന്ത്രി സ്ഥലത്ത് എത്തിയിട്ടില്ലെന്നതുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വിശദീകരിച്ചു. തിരുവനന്തപുരത്ത് നിന്ന് സംസ്ഥാനത്തെ മൊത്തം കാര്യങ്ങള്‍ ഏകോപിപ്പിക്കുകയും ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ത്ത് സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തിരുന്നെന്നും മന്ത്രി പറഞ്ഞു. നിലവില്‍ റവന്യൂ മന്ത്രി കോഴിക്കോട് ഉണ്ടെന്നും അവിടെ ജനപ്രതിനിധികളുടെ യോഗം വിളിച്ചുചേര്‍ത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ മരുന്നുകള്‍ ഡല്‍ഹിയില്‍ നിന്ന് വൈകുന്നേരത്തിനുള്ളില്‍ എത്തിക്കുമെന്നും മറ്റ് മരുന്നുകള്‍ നിലവില്‍ സ്റ്റോക്കിലുണ്ടെന്നും മന്ത്രി അറിയിച്ചു. പ്രതിപക്ഷം വിഷയത്തെ രാഷ്ട്രീയ ആയുധമാക്കാതെ ഗൗരവത്തോടെ സമീപിക്കണമെന്നും നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും എല്ലാ നിര്‍ദ്ദേശങ്ങളും കൃത്യമായി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

 
Other News in this category

 
 




 
Close Window