തിരുവനന്തപുരം: ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് പങ്കെടുത്ത പ്രഭാഷണ പരിപാടിയില്‍ കേരളത്തിലെ മൂന്ന് സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ പങ്കെടുത്തത് അതീവ ഗൗരവമുള്ള സംഭവമാണെന്ന് വി.ഡി. സതീശന്‍. സര്‍വകലാശാലകളുടെ തലപ്പത്തുള്ളവര്‍ സംഘപരിവാര്‍ വേദിയില്‍ എത്തിയതു ഗുരുതര വീഴ്ചയാണെന്നും, ബന്ധപ്പെട്ട വൈസ് ചാന്‍സലര്‍മാര്‍ കേരള സമൂഹത്തോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് സതീശന്‍ വിഷയത്തില്‍ പ്രതികരിച്ചത്. വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്നതോ അതിന് സാമൂഹിക അംഗീകാരം നല്‍കുന്നതോ ആയ നടപടികള്‍ ആരുടെ ഭാഗത്തുനിന്നുണ്ടായാലും അംഗീകരിക്കാനാകില്ലെന്നും, അത്തരം നീക്കങ്ങള്‍ വച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹന്‍ കുന്നുമ്മല്‍, മഹാത്മാ ഗാന്ധി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഡി. മാവൂത്ത്, മലയാളം സര്‍വകലാശാല വൈസ് ചാന്‍സലറുടെ ചുമതല വഹിക്കുന്ന ഡോ. സി.ആര്‍. പ്രസാദ് എന്നിവരാണ് മോഹന്‍ ഭാഗവത് പങ്കെടുത്ത വേദിയില്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ട്. സര്‍വകലാശാലകള്‍ മതനിരപേക്ഷതയും അക്കാദമിക് സ്വാതന്ത്ര്യവും സംരക്ഷിക്കേണ്ട സ്ഥാപനങ്ങളാണെന്നും, അവയുടെ തലപ്പത്തുള്ളവര്‍ രാഷ്ട്രീയ-വര്‍ഗീയ സംഘടനകളുടെ വേദികളില്‍ പ്രത്യക്ഷപ്പെടുന്നത് പൊതുസമൂഹത്തില്‍ തെറ്റായ സന്ദേശം നല്‍കുമെന്നും സതീശന്‍ ചൂണ്ടിക്കാട്ടി. ഉന്നത വിദ്യാഭ്യാസ മേഖലയെ ഏതെങ്കിലും പ്രത്യേക രാഷ്ട്രീയ-സാംസ്‌കാരിക അജന്‍ഡയിലേക്ക് വഴിതിരിച്ചുവിടാന്‍ അനുവദിക്കാനാകില്ല. സര്‍വകലാശാലകളുടെ വിശ്വാസ്യതയും സ്വതന്ത്ര സ്വഭാവവും സംരക്ഷിക്കേണ്ട ഉത്തരവാദിത്തം വി.സിമാര്‍ക്കും സര്‍ക്കാരിനുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഭവം രാഷ്ട്രീയ വിവാദമായി മാറിയ സാഹചര്യത്തില്‍, ബന്ധപ്പെട്ട വി.സിമാരുടെ ഭാഗത്തുനിന്നും ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്തുനിന്നും വിശദീകരണം ഉണ്ടാകുമോയെന്നാണ് ഇനി ശ്രദ്ധിക്കപ്പെടുന്നത്.