Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.6677 INR  1 EURO=110.6807 INR
ukmalayalampathram.com
Thu 16th Jul 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ഉദ്ഘാടന യാത്രയില്‍ തന്നെ ടിക്കറ്റ് ഈടാക്കി; കെഎസ്ആര്‍ടിസി സൗജന്യയാത്ര പദ്ധതിക്കെതിരെ വിദ്യാര്‍ഥിനികളുടെ പരാതി
reporter

തൃശൂര്‍: കെഎസ്ആര്‍ടിസി സൗജന്യയാത്ര പദ്ധതിയുടെ ഉദ്ഘാടനദിനത്തില്‍ തന്നെ വനിതാ യാത്രക്കാരില്‍ നിന്ന് പണം ഈടാക്കിയതായി പരാതി. തൃശൂരില്‍ നിന്ന് ചാലക്കുടിയിലേക്ക് പോയ ഓര്‍ഡിനറി ബസിലാണ് സൗജന്യയാത്ര നിഷേധിച്ചതെന്നാണ് ആരോപണം. രാവിലെ 9.35ഓടെ ബസില്‍ കയറിയ കൊരട്ടി സ്വദേശികളായ വിദ്യാര്‍ഥിനികള്‍ക്കാണ് ടിക്കറ്റ് എടുത്ത് യാത്ര ചെയ്യേണ്ടിവന്നത്. സൗജന്യയാത്രാ സംവിധാനം സിസ്റ്റത്തില്‍ അപ്ഡേറ്റ് ആയിട്ടില്ലെന്നായിരുന്നു കണ്ടക്ടറുടെ മറുപടി. എന്നാല്‍, പദ്ധതി ഉദ്ഘാടനം കഴിഞ്ഞതിന് ശേഷമാണ് തങ്ങള്‍ ബസില്‍ കയറിയതെന്നും, 9.34ന് ടിക്കറ്റ് എടുത്തതായും വിദ്യാര്‍ഥിനികള്‍ പറഞ്ഞു. ഇതേ ബസിന് പുതുക്കാട് വച്ച് സ്വീകരണവും നല്‍കിയിരുന്നു. ബസില്‍ കയറിയപ്പോള്‍ ലഡു വിതരണം ചെയ്‌തെങ്കിലും യാത്രയ്ക്കായി പണം ഈടാക്കിയത് നിരാശപ്പെടുത്തിയെന്ന് വിദ്യാര്‍ഥിനികള്‍ പ്രതികരിച്ചു. സംഭവം ചൂണ്ടിക്കാട്ടിയപ്പോള്‍ ബസിലുണ്ടായിരുന്ന ജനപ്രതിനിധികളടക്കമുള്ളവര്‍ കാര്യമായി ഇടപെട്ടില്ലെന്നും, വീഡിയോയും സെല്‍ഫിയും എടുക്കുന്ന തിരക്കിലായിരുന്നു പലരും എന്നും അവര്‍ ആരോപിച്ചു.

ഇന്ന് രാവിലെയാണ് തിരുവനന്തപുരം തമ്പാനൂര്‍ ഡിപ്പോയില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ പദ്ധതി ഉദ്ഘാടനം ചെയ്തത്. വനിതാ യാത്രക്കാരോടൊപ്പം മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയും കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്തു. സര്‍ക്കാര്‍ അധികാരത്തിലേറി ഒരു മാസം തികയുന്നതിന് മുമ്പ് തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാന്‍ കഴിഞ്ഞത് അഭിമാനകരമാണെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. പ്രിയദര്‍ശിനി പദ്ധതിയുടെ ഒന്നാം ഘട്ടത്തിനാണ് തുടക്കമിട്ടതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഉദ്ഘാടന പരിപാടി എല്‍ഡിഎഫ് ബഹിഷ്‌കരിച്ചു.

പ്രിയദര്‍ശിനി പദ്ധതിയുടെ ഭാഗമായി കെഎസ്ആര്‍ടിസിയുടെ 3,125 ഓര്‍ഡിനറി ബസുകളില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡര്‍ യാത്രക്കാര്‍ക്കും സൗജന്യമായി യാത്ര ചെയ്യാം. പദ്ധതി ബാധകമായ ബസുകള്‍ തിരിച്ചറിയുന്നതിനായി 'പ്രിയദര്‍ശിനി' സ്റ്റിക്കര്‍ ഒട്ടിച്ചിട്ടുണ്ടെന്നാണ് അധികൃതരുടെ വിശദീകരണം. ഉദ്ഘാടനദിനത്തില്‍ തന്നെ യാത്രക്കാരില്‍ നിന്ന് പണം ഈടാക്കിയെന്ന പരാതി പദ്ധതിയുടെ പ്രായോഗിക നടപ്പാക്കലിനെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തുകയാണ്. സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അര്‍ഹരായ യാത്രക്കാര്‍ക്ക് ആനുകൂല്യം നിഷേധിക്കപ്പെടാതിരിക്കാന്‍ കെഎസ്ആര്‍ടിസി അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

 
Other News in this category

 
 




 
Close Window