Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.8936 INR  1 EURO=109.6732 INR
ukmalayalampathram.com
Wed 05th Aug 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരുന്ന ഏഴുവയസുകാരന്‍ മരിച്ചു
reporter

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഏഴുവയസുകാരനാണ് മരിച്ചത്. മലപ്പുറം പൂക്കോട്ടൂര്‍ സ്വദേശിയായ വിദ്യാര്‍ഥി ആര്‍ജവാണ് മരിച്ചത്. പനിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഈ മാസം 12നാണ് കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മലപ്പുറം എയുപി സ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്നു ആര്‍ജവ്. അതേസമയം, ചികിത്സയില്‍ കഴിയുന്ന മറ്റ് മൂന്ന് കുട്ടികളുടെ നില ഗുരുതരമായി തുടരുകയാണെന്നാണ് വിവരം. കോഴിക്കോട് കഴിഞ്ഞ ദിവസം രണ്ട് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിരിക്കെയാണ് സംസ്ഥാനത്ത് വീണ്ടും മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇത് ആരോഗ്യവകുപ്പിനും പൊതുജനങ്ങള്‍ക്കും വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഈ വര്‍ഷം ഷിഗെല്ല ബാധിച്ച് റിപ്പോര്‍ട്ട് ചെയ്യുന്ന നാലാമത്തെ മരണമാണ് ഇതെന്ന് ആരോഗ്യവകുപ്പ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ഇതില്‍ മൂന്ന് മരണങ്ങളും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണെന്നതും ആശങ്ക വര്‍ധിപ്പിക്കുന്നു.

അതേസമയം, വയനാട്ടില്‍ പുതിയ ഷിഗെല്ല കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. രോഗം സ്ഥിരീകരിച്ച 16 കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമാണ്. നിലവില്‍ 23 പേരാണ് ബത്തേരിയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നവര്‍ ഉടന്‍ ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ഡി.എം.ഒ നിര്‍ദേശിച്ചു. മലപ്പുറം ജില്ലയിലും ഷിഗെല്ല ഭീതി ശക്തമാകുകയാണ്. പെരിന്തല്‍മണ്ണയ്ക്കടുത്ത കീഴാറ്റൂരില്‍ നിന്നുള്ള ഒരു സ്ത്രീ ജൂണ്‍ 14ന് ഷിഗെല്ല ബാധയെ തുടര്‍ന്ന് മരിച്ചിരുന്നു. ഇതിന് പിന്നാലെ തിരൂരങ്ങാടിയിലെ ഒരു ടെന്‍ഡര്‍ കൊക്കനട്ട് പാര്‍ലറിലെ കുടിവെള്ളത്തില്‍ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതും ആശങ്ക ഉയര്‍ത്തി. മെയ് 30ന് ശേഖരിച്ച കുടിവെള്ള സാമ്പിളുകളുടെ ലബോറട്ടറി പരിശോധനയിലാണ് ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് സ്ഥാപനത്തിനെതിരെ നടപടി സ്വീകരിക്കുകയും ജ്യൂസ് കട അടച്ചുപൂട്ടാന്‍ ഉത്തരവിടുകയും ചെയ്തു. സ്ഥാപനത്തിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചതായും ജില്ലയിലുടനീളം പരിശോധനകള്‍ തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു.

വയനാട്, കോഴിക്കോട്, കൊല്ലം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ സമീപ ദിവസങ്ങളിലായി ഷിഗെല്ല കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജനുവരി മുതല്‍ സംസ്ഥാനത്ത് ഇതുവരെ 135 പേര്‍ക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചതെന്നാണ് കണക്ക്. കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കുടിവെള്ളത്തിന്റെ സുരക്ഷ ഉറപ്പാക്കാനും ഭക്ഷണശാലകളില്‍ ശുചിത്വം പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാനും ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്. മലിനജലവും മലിനമായ ഭക്ഷണവുമാണ് ഷിഗെല്ല പകരാനുള്ള പ്രധാന മാര്‍ഗങ്ങള്‍. വയറിളക്കം, പനി, വയറുവേദന, ഛര്‍ദി തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സ ഒഴിവാക്കി ഉടന്‍ ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി. കുട്ടികള്‍, വയോജനങ്ങള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവര്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്. കുടിവെള്ളം തിളപ്പിച്ച് ഉപയോഗിക്കുക, കൈകള്‍ സോപ്പിട്ട് കഴുകുക, തുറന്നുവെച്ച ഭക്ഷണം ഒഴിവാക്കുക, പഴകിയതോ സംശയാസ്പദമായതോ ആയ ഭക്ഷണപാനീയങ്ങള്‍ ഉപയോഗിക്കാതിരിക്കുക തുടങ്ങിയ മുന്‍കരുതലുകള്‍ കര്‍ശനമായി പാലിക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം.

 
Other News in this category

 
 




 
Close Window